Asianet News MalayalamAsianet News Malayalam

ചെന്നൈയിനെ തകര്‍ത്തു; ഐഎസ്എല്‍ കിരീടം കൊല്‍ക്കത്തയിലേക്ക്

38ാം മിനിറ്റില്‍ റോയ് കൃഷ്ണ പരിക്കേറ്റ് പുറത്തായത് എടികെയ്ക്ക് തിരിച്ചടിയായി. എങ്കിലും രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ എടികെ ലീഡുയര്‍ത്തി. ഡേവിഡ് വില്യംസിന്റെ അസിസ്റ്റില്‍ എഡു ഗാര്‍സിയ വലകുലുക്കുകയായിരുന്നു.

ATK became third isl champions after beating Chennayin FC
Author
Fatorda, First Published Mar 14, 2020, 9:42 PM IST

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം തവണയും കൊല്‍ക്കത്തയിലേക്ക്. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് എടികെ കിരീടമുയര്‍ത്തിയത്. സാവി ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോളും എഡു ഗാര്‍സിയയുടെ ഒരു ഗോളുമാണ് എടികെയ്ക്ക് കിരീടം സമ്മാനിച്ചത്. നെരിജസ് വാസ്‌കിസിന്റെ വകയായിരുന്നു ചെന്നൈയിന്‍ എഫ്‌സിയുടെ ആശ്വാസ ഗോള്‍.

ചെന്നൈയിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ ആദ്യ ഗോള്‍ നേടിയത് എടികെ ആയിരുന്നു. പത്താം മിനിറ്റില്‍ സാവിയുടെ ഗോളിലൂടെ കൊല്‍ക്കത്തകാര്‍ മുന്നിലെത്തി. റോയ് കൃഷ്ണയുടെ ക്രോസില്‍ നിന്ന് ഒരു മനോഹരമായ സൈഡ് വോളിയിലൂടെയായിരുന്നു ഹവിയറിന്റെ ഗോള്‍. 23ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍ ലൈന്‍ ക്ലിയറന്‍സ് സ്‌കോര്‍ 1-0ല്‍ തന്നെ നിര്‍ത്തി. 

ഇതിനിടെ 38ാം മിനിറ്റില്‍ റോയ് കൃഷ്ണ പരിക്കേറ്റ് പുറത്തായത് എടികെയ്ക്ക് തിരിച്ചടിയായി. എങ്കിലും രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ എടികെ ലീഡുയര്‍ത്തി. ഡേവിഡ് വില്യംസിന്റെ അസിസ്റ്റില്‍ എഡു ഗാര്‍സിയ വലകുലുക്കുകയായിരുന്നു. രണ്ട് ഗോള്‍ വീണതോടെ ചെന്നൈയിന്‍ ആക്രമണം ശക്തമാക്കി. 69ാം മിനിറ്റില് അതിന് ഫലം കാണുകയും ചെയ്തു. ജെറി ലാല്‍റിന്‍സ്വാല പാസില്‍ വാസ്‌കിസ് വലകുലുക്കി.

മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് എടികെ വിജയമുറപ്പിച്ച ഗോളെത്തി. പ്രണോയ് ഹാള്‍ഡറിന്റെ പാസില്‍ സാവി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഫൈനല്‍ കാണാന്‍ കാണികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. നേരത്തെ 2014, 2016 വര്‍ഷങ്ങളിലും എടികെ ആയിരുന്നു ചാംപ്യന്മാര്‍.

Follow Us:
Download App:
  • android
  • ios