ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണ- ബയേണ്‍ മ്യൂനിച്ച് പോരാട്ടം. നാപോളിയെ തകര്‍ത്താണ് ബാഴ്‌സ ക്വാര്‍ട്ടറിലെത്തിയത്. ബയേണാവട്ടെ ഇംഗ്ലീഷ് ടീമായ ചെല്‍സിയ പറഞ്ഞയച്ചു. ബാഴ്‌സലോണയുടെ  ഹോംഗ്രൗണ്ടായ ക്യാംപ് നൂവില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ ജയമാണ് ബാഴ്‌സ നേടിയത്. ഇരുപാദങ്ങളിലും 4-2 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സയുടെ ജയം. ചെല്‍സിക്കെതിരെ ബയേണ്‍ ഇന്ന് 4-1ന്റെ വന്‍ജയം നേടി. ഇരുപാദങ്ങളിലുമായി 7-1നായിരുന്നു ബയേണിന്റെ ജയം. 

ക്ലമന്റ് ലാങ്‌ലെറ്റ്, ലിയോണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവരാണ് ബാഴ്‌സയുടെ ഗോള്‍ നേടിയത്. ലോറന്‍സെ ഇന്‍സിഗ്നെയുടെ വകയായിരുന്നു നാപോളിയുടെ ആശ്വാസഗോള്‍. മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ ലാങ്‌ലെറ്റിന്റെ ഹെഡ്ഡറിലൂടെ ബാഴ്‌സ മുന്നിലെത്തി. 13 മിനിറ്റുകള്‍ക്ക് ശേഷം മെസിയുടെ തകര്‍പ്പന്‍ ഗോളെത്തി. ഇതിനിടെ മെസിയുടെ ഒരു ഗോള്‍ വാറിലൂടെ ഒഴിവാക്കുകയും ചെയ്തു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലഭിച്ച പെനാല്‍റ്റി മുതലാക്കി സുവാരസ് ലീഡ് മൂന്നാക്കി ഉയര്‍ത്തി. എന്നാല്‍ നാല് മിനിറ്റുകള്‍ക്ക് ശേഷം ലഭിച്ച മറ്റൊരു  പെനാല്‍റ്റി ലക്ഷ്യത്തിച്ച് ഇന്‍സിഗ്നെ ലാസിയോക്ക് ആശ്വാസ ഗോള്‍ സമ്മാനിച്ചു. 

ചെല്‍സിക്കെതിരെ ആധികാരിക ജയമാണ് ബയേണ്‍ നേടിയത്. ചെല്‍സിയുടെ ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ ബയേണ്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. ഇവിടെയും കൊടുത്തു നാലെണ്ണം. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബയേണിനായി രണ്ട് ഗോള്‍ നേടി. ഇവാന്‍ പെരിസിച്ച്, കൊറെന്റിന്‍ ടൊളിസോ എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ടാമ്മി എബ്രഹാമിന്റെ വകയായിരുന്നു ചെല്‍സിയുടെ ഏകഗോള്‍.