ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് സമനില. ഒസാസുനയാണ് നിലവിലെ ചാംപ്യന്മാരെ സമനിലയില്‍ തളച്ചത്. മറ്റൊരു മത്സരത്തില്‍ സെവിയ്യക്ക്, സെല്‍റ്റ വിഗോയോട് സമനിലയില്‍ പിരിയേണ്ടി വന്നു. അതേസമയം അത്‌ലറ്റികോ ബില്‍ബാവോ, റിയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചു.

16കാരന്‍ അന്‍സു ഫാറ്റിയുടെ ഗോള്‍ മാത്രമാണ് ഒസാസുനയ്‌ക്കെതിരെ ബാഴ്‌സലോണയ്ക്ക് ആശ്വസിക്കാനുളളത്. മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്‌ക്കെതിരെ മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ  ഒസാസുന മുന്നിലെത്തി. റോബര്‍ട്ടൊ ടോറസായിരുന്നു ഗോളുടമ. ആദ്യ പകുതി 1-0ത്തിന് അവര്‍ സ്വന്തമാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ബാഴ്‌സ സമനില ഗോള്‍ നേടി. 51 മിനിറ്റില്‍ ഫാറ്റി ഹെഡറിലൂടെ ഗോള്‍ നേടി. 

ഇതോടെ ബാഴ്‌സയ്ക്ക് വേണ്ടി ലാ ലിഗയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി ഫാറ്റി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം അര്‍തര്‍ മെലോയുടെ ഗോളിലൂടെ ബാഴ്‌സ ലീഡെടുത്തു. എന്നാല്‍ 81ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ടോറസ് ഒസാസുനയെ ഒപ്പമെത്തിച്ചു.

മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബില്‍ബാവോ സോസിഡാഡിനെ തോല്‍പ്പിച്ചത്. സെവിയ്യയെ 1-1ന് സെല്‍റ്റ വിഗോ സമനിലയില്‍ തളച്ചു.