മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പ് ഫുട്‌ബോളില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഇന്നിറങ്ങും. ക്വാട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡ് രാത്രി പതിനൊന്നരയ്ക്ക് റയല്‍ സോസിഡാഡിനെയും ബാഴ്‌സലോണ രാത്രി ഒന്നരയ്ക്ക് അത്‌ലറ്റിക് ബില്‍ബാവോയെയും നേരിടും. റയലിന് ഹോം ഗ്രൗണ്ടിലും ബാഴ്‌സയ്ക്ക് എവേ ഗ്രൗണ്ടിലുമാണ് മത്സരം. ലൂയിസ് സുവാരസിന് പിന്നാലെ ഒസ്മാന്‍ ഡെംബലേയ്ക്കും പരുക്കേറ്റത് ബാഴ്‌സയ്ക്ക് തിരിച്ചടിയാണ്. ലാ ലിഗയില്‍ ബാഴ്‌സയെ മറികടന്ന് ഒന്നാം സ്ഥാനത്ത് തുടരുന്ന റയലിന് എഡന്‍ ഹസാര്‍ഡ് പരുക്ക് മാറിയെത്തുന്നത് കരുത്താവും.

ജര്‍മന്‍ കപ്പില്‍ ബയേണ്‍ ക്വാര്‍ട്ടറില്‍

ജര്‍മ്മന്‍ കപ്പ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂനിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. മൂന്നിനെതിരെ നാല് ഗോളിന് ഹോഫെന്‍ഹൈമിനെ തോല്‍പിച്ചാണ് ബയേണിന്റെ മുന്നേറ്റം. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ടഗോള്‍ കരുത്തിലാണ് ബയേണിന്റെ ജയം. 36, 80 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ ഗോളുകള്‍. രണ്ടാം ഗോള്‍ തോമസ് മുള്ളര്‍ ഗോള്‍ നേടിയപ്പോള്‍ആദ്യ ഗോള്‍ സെല്‍ഫ് ഗോളായിരുന്നു.

എഫ്എ കപ്പിന്‍ ടോട്ടനത്തിന് ജയം

എഫ് എ കപ്പ് ഫുട്‌ബോളില്‍ ടോട്ടനത്തിന് ജയം. നാലാം റൗണ്ടില്‍ ടോട്ടനം രണ്ടിനെതിരെ മൂന്ന് ഗോളിന് സതാംപ്ടണെ തോല്‍പിച്ചു. കളിതീരാന്‍ മൂന്ന് മിനിറ്റുള്ളപ്പോള്‍ സോന്‍ ഹ്യൂംഗ് മിന്‍ നേടിയ പെനാല്‍റ്റി ഗോളാണ് ടോട്ടനത്തെ രക്ഷിച്ചത്. ജാക്ക് സ്റ്റീഫന്‍സും ലൂക്കാസ് മൗറയുമാണ് മറ്റ് സ്‌കോറര്‍മാര്‍. അഞ്ചാം റൗണ്ടില്‍ നോര്‍വിച്ച് സിറ്റിയാണ് ടോട്ടനത്തിന്റെ എതിരാളികള്‍.