മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ഒന്നാമതെത്താനുള്ള അവസരം നഷ്ടപ്പെടുത്തി ബാഴ്സലോണ. ലീഗിൽ എട്ടാം സ്ഥാനത്തുള്ള ഗ്രനാഡെയാണ് ബാഴ്സയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. സൂപ്പർ താരം മെസിയുടെ ഗോളിൽ 23 മിനുട്ടിൽ ബാഴ്സലോണ മുന്നിൽ എത്തിയിരുന്നു.

രണ്ടാം പകുതിയിൽ നേടിയ ഇരട്ട ഗോളിലൂടെയാണ് സ്പാനിഷ് വമ്പൻമാരെ ഗ്രനാഡെ കീഴടക്കിയത്. 63-ാം മിനിറ്റില്‍ ഡാര്‍വിന്‍ മാച്ചിസും 79-ാം മിനിറ്റില്‍ ജോര്‍ മോളിനയുമാണ് ഗ്രാനഡെയുടെ ഗോളുകള്‍ നേടിയത്. ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആകെ ലഭിച്ച രണ്ടവസരങ്ങളും ലക്ഷ്യത്തിലെത്തിച്ചായിരുന്നു ഗ്രനാഡെയുടെ അട്ടിമറി വിജയം.

മത്സരത്തിനിടെ പരിശീലകൻ കൂമാന് ചുവപ്പ് കാർഡ് ലഭിച്ചതും ബാഴ്സക്ക് തിരിച്ചടിയായി. രണ്ടാം പുകുതിയില്‍ ഗ്രാനഡെ ഡാര്‍വിന്‍ മാച്ചിസിലൂടെ സമനില ഗോള്‍ നേടിയതിന് പിന്നാലെയായിരുന്നു കൂമാന് ചുവപ്പുകാര്‍ഡ് ലഭിച്ചത്. റഫറിയോട് അപമര്യാദയായി സംസാരിച്ചതിനാണ് കൂമാന് ചുവപ്പു കാര്‍ഡ് ലഭിച്ചത്.

ലീഗില്‍ 33 മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 73 പോയന്‍റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തു തന്നെയാണ്. 71 പോയന്‍റുമായി റയല്‍ മാഡ്രിഡ് രണ്ടാമതും ബാഴ്സലോണ മൂന്നാമതുമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona.