മാഡ്രിഡ്: ലാ ലിഗയില്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിന് പിന്നാലെ ബാഴ്‌സലോണയ്ക്കും ഗെറ്റാഫെയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ പരാജയപ്പെട്ടത്. ജെയ്മി മാറ്റയുടെ പെനാല്‍റ്റി ഗോളാണ് ഗെറ്റാഫയ്ക്ക് ജയമൊരുക്കിയത്. നേരത്തെ റയല്‍ മാഡ്രിഡ് ഇതേ സ്‌കോറിന് സക്കന്‍ഡ് ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ കാഡിസ് എഫ്‌സിയോട് പരാജയപ്പെട്ടിരുന്നു. അത്‌ലറ്റികോ മാഡ്രിഡ് 2-0ത്തിന് സെല്‍റ്റ വിഗോയെ തോല്‍പ്പിച്ചു.

ഗെറ്റാഫയ്‌ക്കെതിരെ പരീക്ഷണ ടീമുമായിട്ടാണ് റൊണാള്‍ഡ് കൂമാന്റെ ബാഴ്‌സലോണ ഇറങ്ങിയത്. ഫിലിപെ കുടിനോ, അന്‍സു ഫാറ്റി, റിക്കി പുജ് എന്നിവര്‍ക്കൊന്നും ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ദീര്‍ഘനാളത്തെ പരിക്കിന് ശേഷം ഒസ്മാന്‍ ഡെംബേല ബാഴ്‌സ ആദ്യ ഇലവനില്‍ തിരിച്ചെത്തി. എങ്കിലും ബാഴ്‌സയ്ക്ക് സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ബാഴ്‌സ മധ്യനിര താരം ഫ്രാങ്കി ഡി യോങ് എതിര്‍താരത്തെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മാറ്റ ഗോളാക്കി. ഇതിനിടെ ലിയോണല്‍ മെസിയുടെ ഒരു ഷോട്ട് ബാറില്‍ തട്ടി മടങ്ങി. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ അന്റോയ്ന്‍ ഗ്രീസ്മാന് ലഭിച്ച അവസരം താരം നഷ്ടമാക്കി. മെസിയുടെ ക്രോസില്‍ ഗോള്‍ നേടാനുള്ള ക്ലെമന്റ് ലാംഗ്‌ലെറ്റും നഷ്ടമാക്കി. 

നേരത്തെ സെക്കന്‍ഡ് ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ കാഡിസ് എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെട്ടത്. 16ാം മിനിറ്റില്‍ ആന്റണി ലസാനോ നേടിയ ഗോളാണ് കാര്‍ഡിസിന് വിജയം സമ്മാനിച്ചത്. ഇതുവരെ കളിച്ച ആറില്‍ മൂന്നിലും കാര്‍ഡിസ് ജയിച്ചിരുന്നു. ഒരു സമനിലയും രണ്ട് തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്. നിലവില്‍ പത്ത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അവര്‍. റയല്‍ ഒന്നാമതും രണ്ടാമതും നില്‍ക്കുന്നു. 

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് സെല്‍റ്റ വിഗോയെ തോല്‍പ്പിച്ചു. ലൂയിസ് സുവാരസ്, യാനിക്ക് കരാസ്‌കോ എന്നിവരുടെ ഗോളുകളാണ് അത്‌ലറ്റികോ മാഡ്രിഡിന് ജയമൊരുക്കിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും എതിര്‍ പോസ്റ്റില്‍ പന്തെത്തിക്കാന്‍ സെല്‍റ്റയ്ക്കായില്ല. യാങ്കല്‍ ഹെരേരയുടെ ഒറ്റ ഗോളാണ് സെവിയ്യയ്‌ക്കെതിരെ ഗ്രാനഡയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ സെവിയ്യ താരം ജൊവാന്‍ ജോര്‍ദാന്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സെവിയ്യയ്ക്ക് തിരിച്ചടിയായി. 

പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനെതിരെ സിറ്റിക്ക് ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗ്ലാമര്‍ പോരില്‍ ആഴ്‌സനലിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റക്ക് ജയം. 23ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിംഗ് നേടിയ ഗോളാണ് സിറ്റിക്ക് ജയമൊരുക്കിയത്. സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണിന്റെ മികവാണ് ടീമിനെ രക്ഷപ്പെടുത്തിയത്. ഗോളെന്നുറച്ച രണ്ടോ മൂന്നോ ഷോട്ടുകള്‍ താരം രക്ഷപ്പെടുത്തി. ദീര്‍ഘനാള്‍ പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന സെര്‍ജിയോ അഗ്യൂറോ സിറ്റിയില്‍ തിരിച്ചെത്തിയും മത്സരത്തിന്റെ പ്രത്യേകതയാണ്.