മാഡ്രിഡ്: സൂപ്പർതാരം ലിയോണൽ മെസി ബാഴ്സലോണ വിടാന്‍ തീരുമാനിച്ചതിന് കാരണക്കാരനായ ക്ലബ്ബ്  പ്രസിഡന്റ് ജോസഫ് മരിയ ബർത്യോമു രാജിവച്ചു. ബർത്യോമുവിനൊപ്പം മറ്റ് ബോർഡ് അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. ബാർത്യോമു രാജിവയ്ക്കുമെന്നും, അല്ല അദ്ദേഹത്തെ പുറത്താക്കുമെന്നും ഉൾപ്പെടെ നാളുകളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. ക്ലബ്ബ് പ്രസിഡന്‍റ് സ്ഥാനത്ത് ബർത്യോമു  ദുരന്തമാണെന്ന് ആഴ്ചകൾക്കു മുൻപ് മെസി തുറന്നടിച്ചിരുന്നു.

മെസിയുമായി ഉടക്കിയതിനു പിന്നാലെ ബർത്യോമുവിനെ പുറത്താക്കണമെന്ന ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിരുന്നു. 2014ൽ ബാഴ്സലോണ പ്രസിഡന്റ് സ്ഥാനത്തെത്തിയ ബർത്യോമു, കളത്തിലും കളത്തിനു പുറത്തും ക്ലബിന്‍റെ അവസ്ഥ പരിതാപകരമാതോടെയാണ് മെസിക്കും ആരാധകർക്കും ഒരുപോലെ അപ്രിയനായത്.

ബാഴ്സയുടെ കനത്ത സാമ്പത്തിക പ്രതിസന്ധിയും കളത്തിലെ തുടർച്ചയായ തോൽവികളും ബർത്യോമുവിന്റെ കസേര ഇളകാൻ കാരണമായി. കഴിഞ്ഞ സീസണിലെ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സ ബയൺ മ്യൂണിക്കിനോട് 8–2ന്റെ കൂറ്റൻ തോൽവി വഴങ്ങിയതോടെയാണ് പ്രശ്നങ്ങൾ മൂർച്ഛിച്ചത്

കൂറ്റൻ തോൽവിക്കു പിന്നാലെ സൂപ്പർതാരം മെസി ക്ലബ് വിടുകയാണെന്ന് പ്രഖ്യാപിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. മെസ്സിയെ ക്ലബ്ബിൽ നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയ ബര്‍ത്യോമു ഒടുവില്‍ റിലീസ് ക്ലോസ് എന്ന നിബന്ധനയില്‍ പിടിച്ച് മെസിയെ നിലനിര്‍ത്തുന്നതില്‍ വിജയിച്ചെങ്കിലും, സ്വന്തം കസേര ഉറപ്പിക്കാൻ കഴിഞ്ഞില്ല.

കരാര്‍ തീരുന്നതിന് മുമ്പ് ക്ലബ്ബ് വിടുകയാണെങ്കില്‍ റിലീസ് ക്ലോസ് ആയി 700 മില്യണ്‍ യൂറോ (ഏകദേശം 6150 കോടി രൂപ) മെസി ബാഴ്സക്ക് നല്‍കണമെന്ന് ബര്‍ത്യോമുവും ലാ ലിഗ അധികൃതരും ഉറച്ച നിലപാടെടുത്തോടെയാണ് അതൃപ്തിയോടെയാണെങ്കിലും മെസി ഒരു സീസണില്‍ കൂടി ക്ലബ്ബില്‍ തുടരാന്‍ താരുമാനിച്ചത്. നിയമപോരാട്ടം ഒഴിവാക്കേണ്ടതുകൊണ്ട് മാത്രമാണ് ക്ലബ്ബില്‍ തുടരുന്നതെന്ന് വ്യക്തമാക്കിയ മെസി ക്ലബ്ബ് മാനേജ്മെന്റിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.