ബാഴ്‌സലോണ: പുതുവര്‍ഷത്തില്‍ ബാഴ്‌സലോണയ്ക്ക് ഇന്ന് ആദ്യ മത്സരം. ബാഴ്‌സലോണ ലാ ലീഗയില്‍ ഹ്യൂയസ്‌കയെ നേരിടും. രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക. തരംതാഴ്ത്തില്‍ ഭീഷണി നേരിടുന്ന ഹ്യൂയെസ്‌ക 12 പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ്. 25 പോയിന്റുള്ള ബാഴ്‌സലോണ ആറാം സ്ഥാനത്തും. പരിക്കേറ്റ ഫിലിപെ കുടീഞ്ഞോ ഇല്ലാതെയാവും ബാഴ്‌സ ഇറങ്ങുക. 

ജെറാര്‍ഡ് പിക്വേ, സെര്‍ജി റോബര്‍ട്ടോ. അന്‍സു ഫാറ്റി എന്നിവരും പരിക്കില്‍ നിന്ന് മോചിതരായിട്ടില്ല. ഇതേസമയം ലിയണല്‍ മെസിയും ഒസ്മാന്‍ ഡെംബലേയും തിരിച്ചെത്തുന്നത് മുന്‍ ചാന്പ്യന്‍മാര്‍ക്ക് കരുത്താവും.

ബുണ്ടസ് ലിഗയില്‍ ബയേണ്‍ ഇന്നിറങ്ങും

ജര്‍മ്മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്ക് ഇന്ന് മെയ്ന്‍സിനെ നേരിടും. രാത്രി പത്തരയ്ക്ക് ബയേണിന്റെ മൈതാനത്താണ് മത്സരം. 13 കളിയില്‍ 30 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് ബയേണ്‍. ആറ് പോയിന്റ് മാത്രമുള്ള മെയ്ന്‍സ് പതിനേഴാം സ്ഥാനത്തും. ജോഷ്വാ കിമ്മിച്ച്, അല്‍ഫോന്‍സോ ഡേവീസ്, ലിയോണ്‍ ഗോരെസ്‌ക എന്നിവര്‍ തിരിച്ചെത്തുന്നത് ബയേണിന് കരുത്താവും. 

ലെവന്‍ഡോവ്‌സ്‌കി, ഗ്‌നാബ്രി, തോമസ് മുള്ളര്‍ മുന്നേറ്റനിരയെ പിടിച്ചുകെട്ടുക മെയ്ന്‍സിന് എളുപ്പമാവില്ല. ബുണ്ടസ് ലീഗയിലെ മറ്റ് മത്സരങ്ങളില്‍ ബൊറൂസ്യ ഡോര്‍ട്ട്മുണ്ട്, വോള്‍സ്ബര്‍ഗിനെ നേരിടും.