Asianet News MalayalamAsianet News Malayalam

ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ജയം, രണ്ടാം സ്ഥാനത്ത്; ബാഴ്‌സലോണ ബെറ്റിസിനെ നേരിടും

ഇരുടീമുകളും ഏറ്റുമുട്ടിയ 39 കളിയില്‍ 24ലും ബാഴ്‌സലോണയ്ക്കായിരുന്നു ജയം. ബെറ്റിസ് എട്ട് കളിയില്‍ മാത്രമാണ് ജയിച്ചത്.

Barcelona takes Real Betis today in La Liga
Author
Barcelona, First Published Feb 7, 2021, 11:01 AM IST

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഇന്ന് റയല്‍ ബെറ്റിസിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്ക് റയല്‍ ബെറ്റിസിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഇരുടീമും ഏറ്റുമുട്ടിയ 39 കളിയില്‍ 24ലും ബാഴ്‌സലോണയ്ക്കായിരുന്നു ജയം. ബെറ്റിസ് എട്ട് കളിയില്‍ മാത്രമാണ് ജയിച്ചത്. അവസാനം ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ അഞ്ച് ഗോളിന് ബാഴ്‌സ ജയിച്ചിരുന്നു. ലിയോണല്‍ മെസി, അന്റോയ്ന്‍ ഗ്രീസ്മാന്‍ എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണെന്നുള്ളതാണ് ബാഴ്‌സയുടെ പ്രതീക്ഷ. 

അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളിന് ഹ്യൂയസ്‌കയെ തോല്‍പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു റയലിന്റെ ജയം. ഡിഫന്‍ഡര്‍ റാഫേല്‍ വരാനെയുടെ ഇരട്ടഗോളാണ് റയലിനെ രക്ഷിച്ചത്. നാല്‍പത്തിയെട്ടാം മിനിറ്റില്‍ യാവി ഗാലനാണ് ഹ്യൂയസ്‌കയെ മുന്നിലെത്തിയത്. 55, 84 മിനിറ്റുകളിലായിരുന്നു വരാനെയുടെ ഗോളുകള്‍. പതിമൂന്നാം ജയത്തോടെ 43 പോയിന്റുമായി റയല്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി.

യുവന്റസിന് ജയം

ടൂറിന്‍: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ യുവന്റസിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് യുവന്റസ് റോമയെ തോല്‍പിച്ചു. പതിമൂന്നാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോ യുവന്റസിന്റെ ആദ്യ ഗോള്‍ നേടി. 69-ാം മിനിറ്റില്‍ ഇബാനെസിന്റെ സെല്‍ഫ് ഗോള്‍ റോമയുടെ തോല്‍വി പൂര്‍ത്തിയാക്കി. 20 കളിയില്‍ 42 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് യുവന്റസ്. 40 പോയിന്റുള്ള റോമ നാലാം സ്ഥാനത്തും.

Follow Us:
Download App:
  • android
  • ios