ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണ- അത്‌ലറ്റികോ മാഡ്രിഡ് ഗ്ലാമര്‍ പോര് സമനിലയില്‍ പിരിഞ്ഞു. ഇതോടെ അവസാന റൗണ്ട് മത്സരങ്ങള്‍ ആവേശം കടുക്കുമെന്ന് ഉറപ്പായി. സമനിലയോടെ ഒന്നാംസ്ഥാനത്തുള്ള അത്‌ലറ്റികോയ്ക്ക് 35 മത്സരങ്ങളില്‍ 77 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് ഇത്രയും മത്സരങ്ങളില്‍ 75 പോയിന്റാണുള്ളത്. ഒരു മത്സരം കുറവ് കളിച്ച റയല്‍ മാഡ്രിഡിന് 74 പോയിന്റാണുള്ളത്. നാലാം സ്ഥാനത്തുള്ള സെവിയ്യയ്ക്ക് 34 മത്സരങ്ങളില്‍ 70 പോയിന്റുണ്ട്. നാളെ റയല്‍- സെവിയ്യ മത്സരം പ്രധാനമാണ്. സെവിയ്യയെ മറികടന്നാല്‍ റയലിന് ഒന്നാമതെത്താം.

ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ അത്‌ലറ്റികോയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കം. ആറ് ഷോട്ടുകളാണ് ബാഴ്‌സ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റഗന്‍ തടഞ്ഞിട്ടത്. ടെര്‍ സ്റ്റഗന്റെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് ബാഴ്‌സയെ ലീഡ് വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചത്. മറുവശത്ത് ലിയോണല്‍ മെസിയുടെ ഒരു സോളോ റണ്‍ മാത്രമാണ് ആദ്യ പകുതിയില്‍ ഓര്‍ക്കാനുണ്ടായിരുന്നത്. ഷോട്ട് ആവട്ടെ അത്‌ലറ്റികോ ഗോള്‍ കീപ്പര്‍ ഒബ്ലാക്ക് പുറത്തേക്ക് തട്ടിയകറ്റി.

രണ്ടാം പകുതിയില്‍ ബാഴ്‌സ മത്സരത്തിലേക്ക് തിരിച്ചെത്തി. ചില അവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. 63ാം മിനിറ്റില്‍ മെസിയുടെ ക്രോസില്‍ പിക്വെ തലവച്ചെങ്കിലും ഒബ്ലാക്ക് കയ്യിലൊതുക്കി. 67ാം മിനിറ്റില്‍ മെസിയുടെ ഫ്രീകിക്ക് ഒബ്ലാക്ക് തട്ടിയകറ്റി. 71-ാം മിനിറ്റില്‍ റൊണാള്‍ഡ് അറൗജോ ബാഴ്‌സയ്ക്കായി ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 

85-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബേലയ്ക്ക് സുവര്‍ണാവസരം മുതലാക്കാനായില്ല. ജോര്‍ഡി ആല്‍ബയുടെ ക്രോസില്‍ മാര്‍ക് ചെയ്യാതിരുന്ന ഡെംബേല തലവെച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 90-ാം മിനിറ്റില്‍ മെസിയുടെ പ്രീകിക്ക് പോസ്റ്റിന്റെ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി. ഇതോടെ മത്സരം ഗോള്‍രഹിതമായി അവസാനിച്ചു.