സെയ്താമ: പുതിയ സീസണ് ഒരുങ്ങുന്ന ബാഴ്സലോണയ്ക്ക് ഇന്ന് ആദ്യ സന്നാഹമത്സരം. യൂറോപ്പ ലീഗ് ചാമ്പ്യൻമാരായ ചെൽസിയാണ് ബാഴ്സലോണയുടെ എതിരാളികൾ. വൈകിട്ട് നാലിന് ജപ്പാനിലെ സെയ്താമ സ്റ്റേഡിയത്തിലാണ് മത്സരം. കോപ്പ അമേരിക്കയിൽ കളിച്ച നായകന്‍ ലിയോണൽ മെസി, ലൂയിസ് സുവാരസ്, ഫിലിപെ കുടീഞ്ഞോ തുടങ്ങിയ സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് സ്‌പാനിഷ് ചാമ്പ്യൻമാർ ജപ്പാനിൽ എത്തിയിരിക്കുന്നത്.

സീസണ് മുൻപ് യുവതാരങ്ങളുടെ ശക്തി ദൗർബല്യങ്ങൾ പരീക്ഷിക്കുകയാണ് ബാഴ്സ കോച്ച് ഏണസ്റ്റോ വെൽവെർദേയുടെ ലക്ഷ്യം. ബാഴ്സ ജഴ്സിയിൽ അൻറോയ്ൻ ഗ്രീസ്മാന്റെയും ഡി ജോംഗിന്റെയും അരങ്ങേറ്റ മത്സരമായിരിക്കും ഇത്. പുതിയ പരിശീലകനും മുൻതാരവുമായ ഫ്രാങ്ക് ലാംപാർഡിന് കീഴിൽ പുതുജീവൻ തേടുകയാണ് ചെൽസി. പരുക്കേറ്റ എൻഗോളെ കാൻറെ വില്യനൊപ്പം ചെൽസി നിരയിലുണ്ടാവില്ല.