പ്രീ സീസൺ സന്നാഹമത്സരത്തിൽ ബാഴ്‌സലോണ ഇന്ന് ജപ്പാൻ ക്ലബ് വിസെൽ കോബിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കളി തുടങ്ങുക. മുൻ നായകൻ ഇനിയസ്റ്റ ബാഴ്സലോണയ്ക്ക് എതിരെ ആദ്യമായി കളിക്കുന്നു എന്നതാണ് മത്സരത്തിന്‍റെ പ്രത്യേകത. 

ആദ്യ സന്നാഹമത്സരത്തിൽ ബാഴ്സലോണ ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസിയോട് തോറ്റിരുന്നു. കോപ്പ അമേരിക്കയ്ക്ക് ശേഷം വിശ്രമിക്കുന്ന നായകന്‍ മെസി, സുവാരസ്, കുടീഞ്ഞോ എന്നിവരില്ലാതെയാണ് ബാഴ്സ കളിക്കുന്നത്. വൈകിട്ട് നാലിന് തുടങ്ങുന്ന കളിയിൽ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ജപ്പാൻ ക്ലബ് യോകോഹാമയെ നേരിടും. 

ആദ്യ പ്രീ സീസൺ മത്സരത്തിന് ഇറങ്ങുന്ന പി എസ് ജിക്ക് ഇന്‍റർ മിലാനാണ് എതിരാളികൾ. വൈകിട്ട് അഞ്ച് മണിക്കാണ് കളി തുടങ്ങുക. ടീമിനൊപ്പമുണ്ടെങ്കിലും സൂപ്പർതാരം നെയ്മർ കളിച്ചേക്കില്ല.