ബാഴ്സലോണ: സ്പാനിഷ് ലീഗ് സീസണിലെ ആദ്യ പോരാട്ടത്തില്‍ ബാഴ്സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. അത്‌ലറ്റിക്കോ ബില്‍ബാവോ ആണ് നിലവിലെ ചാമ്പ്യന്‍മാരെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബാഴ്സ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്. ആര്‍ട്ടിസ് അഡൂരിസാണ് ബില്‍ബാവോയുടെ വിജയഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങിയ 38കാരനായ അഡൂരിസ് 89-ാം മിനിറ്റിലായിരുന്നു ബാഴ്സയെ ഞെട്ടിച്ച് ഗോളടിച്ചത്.

പരിക്കിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ലിയോണല്‍ മെസ്സിയില്ലാതെയാണ് ബാഴ്സ ഇറങ്ങിയത്. എന്നാല്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഇത്തവണ ബാഴ്സയിലെത്തിയ സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാനും ഡച്ച് മിഡ്ഫീല്‍ഡര്‍ ഫ്രാങ്കി ഡി ജോംഗും ബാഴ്സ നിരയിലുണ്ടായിരുന്നു. കളിയുടെ തുടക്കത്തില്‍ പന്തടക്കത്തിലും കളി മികവിലും ബില്‍ബാവോ ആണ് മികച്ചു നിന്നത്. എന്നാല്‍ ഇടവേളക്ക് തൊട്ടു മുമ്പ് ബാഴ്സ അവസരങ്ങളുടെ പെരുമഴയുമായ ശക്തമായി മത്സരത്തില്‍ തിരിച്ചെത്തി. ഇതിനിടെ ലൂയി സുവാസരിന്റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ചു മടങ്ങിയതും ബാഴ്സയുടെ നിര്‍ഭാഗ്യമായി.

തുടയിലേറ്റ പരിക്കിനെത്തുടര്‍ന്ന് സുവാരസ് പകുതിക്ക് മടങ്ങിയത് ബാഴ്സയുടെ മുന്നേറ്റനിരയെ കാര്യമായി ബാധിക്കുകയും ചെയ്തു. സുവാരസിന്റെ പകരക്കാരനായി എത്തിയ റാഫിഞ്ഞയുടെ ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ച് പുറത്തുപോവുകയും ചെയ്തു. 2008ലാണ് ബാഴ്സ അവസാനമായി ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തോല്‍വി അറിഞ്ഞത്. പെപ് ഗ്വാര്‍ഡിയോള ബാഴ്സ പരിശീലകനായി അരങ്ങേറിയ ആ മത്സരത്തില്‍ നുമാന്‍ഷിയ ആയിരുന്നു ബാഴ്സയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയത്.