ടോക്കിയോ: മുന്‍ ബാഴ്‌സ താരങ്ങള്‍ അണിനിരന്ന വിസ്സല്‍ കോബിനെതിരെ ബാഴ്‌സലോണയ്ക്ക് ജയം. ആന്ദ്രേ ഇനിയേസ്റ്റ, ഡേവിഡ് വിയ, സെര്‍ജി സാംപര്‍ എന്നിവര്‍ ഒരുമിച്ച ജപ്പാനീസ്  ക്ലബ് വിസ്സല്‍ കോബിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. പ്രീസീസണിനായി ജപ്പാനാണ് ബാഴ്‌സലോണ തെരഞ്ഞെടുത്തത്. ലിയോണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവരില്ലാതെയാണ് ബാഴ്‌സ ഇറങ്ങിയത്. 

പുത്തന്‍ താരങ്ങളായ ഫ്രാങ്കി ഡി ജോങ്, അന്റോയ്ന്‍ ഗ്രീസ്മാന്‍ എന്നിവര്‍ ബാഴ്‌സ നിരയിലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണയും ഗോള്‍ നേടാന്‍ ഗ്രീസ്മാന് സാധിച്ചില്ല. കാര്‍ലസ് പെരസാണ് ബാഴ്‌സലോണയുടെ രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതിക്ക് ശേഷമായിരുന്നു ബാഴ്‌സയുടെ രണ്ട് ഗോളുകളും.

മത്സരത്തിന്റെ 59ാം മിനിറ്റില്‍ മാല്‍ക്കത്തിന്റെ അസിസ്റ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഗ്വില്ലം ജെയ്മിന്റെ പാസിലായിരുന്നു രണ്ടാമത്തെ ഗോള്‍.