ബാഴ്‌സലോണ: ബാഴ്‌സലോണയുടെ അത്ഭുത ബാലന്‍ ചാവി സിമോണ്‍സ് ക്ലബ് വിടാന്‍ തീരുമാനിച്ചു. 16കാരനായ നെതര്‍ലന്‍ഡുകാരന്‍ ക്ലബുമായി കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ബാഴ്‌സയുമായുള്ള ഒമ്പത് വര്‍ഷത്തെ ബന്ധമാണ് സിമോണ്‍സ് അവസാനിപ്പിക്കുന്നത്. ട്വിറ്റര്‍ വഴിയാണ് സിമോണ്‍ ബാഴ്‌സ വിടുന്ന കാര്യം ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്.

ലിയോണല്‍ മെസിക്ക് ശേഷം ബാഴ്‌സ ഏറെ പ്രതീക്ഷയാേടെ കണ്ട താരമാണ് ചാവി. ലോക ഫുട്‌ബോളിലെ അടുത്ത വമ്പന്‍ താരമെന്ന പേരും ഇതിനോടകം ചാവി നേടിക്കഴിഞ്ഞിരുന്നു. അങ്ങനെയൊരു താരത്തെ വിട്ടുകൊടുക്കുന്നത് ബാഴ്‌സലോണയ്ക്ക് ക്ഷീണം  ചെയ്യുമെന്നുറപ്പാണ്.  

എന്നാല്‍ എവിടേക്കാണ് താരം പോകുന്നതെന്ന് ഉറപ്പായിട്ടില്ല. പി എസ് ജി, മാഞ്ചസ്റ്റര്‍ സിറ്റി എന്നിങ്ങനെ ക്ലബുകളുടെ പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്.