മ്യൂണിക്ക്: ജര്‍മന്‍ ഫുട്ബോള്‍ താരം ബാസ്റ്റ്യന്‍ ഷ്വെയ്‌ന്‍സ്റ്റൈഗര്‍ പ്രൊഫഷണൽ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ചിക്കാഗോ ഫയഴ്സ് പ്ലേ ഓഫിലെത്താതെ പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം. 

തനിക്ക് അവസരം നൽകിയ എല്ലാ ടീമുകള്‍ക്കും പിന്തുണച്ച കുടുംബത്തിനും ഭാര്യ അനാ ഇവാനോവിച്ചിനും നന്ദി പറയുന്നതായി ഷ്വെയ്‌ന്‍സ്റ്റൈഗര്‍ ട്വിറ്ററില്‍ കുറിച്ചു. എക്കാലവും ഫു്ബോളിനോട് വിശ്വസ്തത പുലര്‍ത്തുമെന്നും മുപ്പത്തിയഞ്ചുകാരനായ ഷ്വെയ്‌ന്‍സ്റ്റൈഗര്‍ പറഞ്ഞു.

ബയേൺ മ്യൂണിക്കിൽ 14 വര്‍ഷം കളിച്ച ഷ്വെയ്‌ന്‍സ്റ്റൈഗര്‍ 2017ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ നിന്ന് ചിക്കാഗോ ടീമിലെത്തിയത്. ജര്‍മനിക്കായി 121 മത്സരം കളിച്ച ഷ്വെയ്‌ന്‍സ്റ്റൈഗര്‍ 2014ൽ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. ഫിലിപ്പ് ലാം വിരമിച്ചതിന് ശേഷം രണ്ട് വര്‍ഷം ജര്‍മന്‍ നായകനുമായിരുന്നു ഷ്വെയ്‌ന്‍സ്റ്റൈഗര്‍.