കൊല്‍ക്കത്തയില്‍ നടന്ന ലയണല്‍ മെസി ഇവന്റിലെ ടിക്കറ്റ് തുക ആരാധകര്‍ക്ക് തിരികെ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉറപ്പുനല്‍കി. 33,000 ആരാധകര്‍ക്ക് സംസ്ഥാനത്തിന്റെ കായിക ബജറ്റില്‍ നിന്ന് പണം തിരികെ നല്‍കുമെന്നും, കായിക രംഗം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊല്‍ക്കത്ത: യുവഭാരതി സ്റ്റേഡിയത്തില്‍ ലയണല്‍ മെസി സന്ദര്‍ശനത്തിനിടയിലെ അപാകതകളില്‍ ദുരിതത്തിലായ ആരാധകര്‍ക്ക് ആശ്വാസവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങിലാണ്, 4,000, 6,000 രൂപ വിലയുള്ള ടിക്കറ്റുകള്‍ എടുത്ത 33,000 ആരാധകരുടെ പണം സംസ്ഥാനത്തിന്റെ കായിക ബജറ്റില്‍ നിന്ന് തിരികെ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയത്. 2025 ഡിസംബര്‍ 13-നാണ് മെസി കൊല്‍ക്കത്ത യുവഭാരതി സ്റ്റേഡിയം സന്ദര്‍ശിച്ചത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കായിക മന്ത്രി അരുപ് ബിശ്വാസിന്റെ അമിതമായ ഇടപെടലുകള്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ഇടയാക്കിയിരുന്നു.

തുടര്‍ന്ന് ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ട് കാണികള്‍ പ്രതിഷേധിച്ചെങ്കിലും ഇതുവരെ ആ ആവശ്യം നടപ്പിലാക്കപ്പെട്ടിരുന്നില്ല. ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നബാനയില്‍ നടന്ന ദേശീയ കായിക ദിനാചരണ ചടങ്ങിലാണ് സുവേന്ദു അധികാരി ഇക്കാര്യം വ്യക്തമാക്കിയത്. 'മെസിക്ക് വലിയ ആരാധകവൃന്ദമുണ്ട്. 33,000 കായിക പ്രേമികള്‍ മുടക്കിയ തുക തിരികെ നല്‍കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇതിനുള്ള ആഭ്യന്തര നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.' അദ്ദേഹം പറഞ്ഞു.

മുന്‍ ഹോക്കി താരം ഗുര്‍ബക്‌സ് സിംഗ്, കായിക മന്ത്രി ഇന്ദ്രനില്‍ ഖാന്‍, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ തുടങ്ങിയവര്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രമുഖ കായിക താരങ്ങളെ ചടങ്ങില്‍ ആദരിക്കുകയും നിയമന ഉത്തരവുകള്‍ കൈമാറുകയും ചെയ്തു. കായിക മേഖലയെ അവഗണിച്ച മുന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. 'ഇന്ന് നിയമന ഉത്തരവുകള്‍ ലഭിച്ച പല താരങ്ങളുടെയും ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ 11 വര്‍ഷത്തോളമായി പൊടിപിടിച്ചിരിക്കുകയായിരുന്നുവെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടുപോകും.' അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ്, ദേശീയ ടീമുകള്‍ എന്നിവിടങ്ങളില്‍ പശ്ചിമ ബംഗാളിന്റെ പ്രാതിനിധ്യം തുച്ഛമാണെന്നും ഒഡീഷയും ജാര്‍ഖണ്ഡും പോലുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കായിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി എട്ട് മാസത്തേക്ക് 400 കോടി രൂപയുടെ ബജറ്റാണ് കായിക വകുപ്പിനായി വകയിരുത്തിയിട്ടുള്ളത്. ഇതിലൂടെ സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളിലും ടെന്നീസ് കോര്‍ട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട്, ജിംനേഷ്യം എന്നിവ ഉള്‍പ്പെടുന്ന മിനി ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുമെന്നും, ഇതില്‍ ആദ്യ ഘട്ടമായി ഈ വര്‍ഷം 100 സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

YouTube video player