ഇന്റര്‍മിയാമിയില്‍ പരിശീലനം നടത്തുമ്പോള്‍ ഒരിക്കല്‍ പോലും മെസിയുടെ കാലില്‍ നിന്ന്‌ പന്ത്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന്‌ യുവതാരം ബെഞ്ചമിന്‍ ക്രെമാചി. ഇന്റര്‍മിയാമിയുടെ അക്കാദമിയിലൂടെ വളര്‍ന്നു വന്ന ക്രെമാചി ഇറ്റാലിയന്‍ ക്ലബ്ബ്‌ പാര്‍മയിലേക്ക്‌ മാറിയതിന്‌ ശേഷമാണ്‌ മെസിക്കൊപ്പമുള്ള പരിശീലന സെഷനിലെ കാര്യങ്ങള്‍ തുറന്നു പറയുന്നത്‌.

ന്യൂയോര്‍ക്ക്‌: ഇന്റര്‍മിയാമിയില്‍ പരിശീലനം നടത്തുമ്പോള്‍ ഒരിക്കല്‍ പോലും മെസിയുടെ കാലില്‍ നിന്ന്‌ പന്ത്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന്‌ യുവതാരം ബെഞ്ചമിന്‍ ക്രെമാചി. ഇന്റര്‍മിയാമിയുടെ അക്കാദമിയിലൂടെ വളര്‍ന്നു വന്ന ക്രെമാചി ഇറ്റാലിയന്‍ ക്ലബ്ബ്‌ പാര്‍മയിലേക്ക്‌ മാറിയതിന്‌ ശേഷമാണ്‌ മെസിക്കൊപ്പമുള്ള പരിശീലന സെഷനിലെ കാര്യങ്ങള്‍ തുറന്നു പറയുന്നത്‌. രണ്ട്‌ കാരണങ്ങള്‍ കൊണ്ടാണ്‌ ഇരുപത്തൊന്നുകാരനായ മിഡ്‌ഫീല്‍ഡര്‍ മെസിയില്‍ നിന്ന്‌ പന്ത്‌ പിടിച്ചെടുക്കാന്‍ ശ്രമിക്കാതിരുന്നത്‌. ആദ്യത്തെ കാരണം, മെസിയില്‍ നിന്ന്‌ പന്ത്‌ പിടിച്ചെടുക്കുക എന്നത്‌ അസാധ്യമായ കാര്യമാണ്‌. രണ്ടാമത്തേത്‌, പരിശീലനത്തിനിടെ അനാവശ്യ ടാക്ലിംഗ്‌ നടത്തി മെസിക്ക്‌ പരിക്കേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുവാനാണ്‌- ക്രെമാചി പറഞ്ഞു.

പരിശീലന സെഷനുകളില്‍ മെസിക്കെതിരെ കളിക്കുമ്പോള്‍ ടീമിലുള്ളവരെല്ലാം മുന്‍കരുതലെടുക്കാറുണ്ട്‌. മെസിക്ക്‌ പരിക്ക്‌ പറ്റുന്ന തരത്തില്‍ ആരും പരിശീലന സെഷനില്‍ പെരുമാറരുതെന്നത്‌ ഒരു അലിഖിത നിയമമാണ്‌. ഫ്‌ളോറിഡയില്‍ ജനിച്ചു വളര്‍ന്ന ബെഞ്ചമിന്‍ ക്രെമാചി 2021 ലാണ്‌ ഇന്റര്‍മിയാമി സി എഫ്‌ അക്കാദമിയില്‍ ചേര്‍ന്നത്‌. 2022ല്‍ ഇന്റര്‍മിയാമി അണ്ടര്‍ 17 ടീം ഏറെ പ്രശസ്‌തമായ ജിഎ കപ്പ്‌ സെമിഫൈനല്‍ വരെ കുതിച്ചത്‌ ക്രെമാചിയുടെ മികവിലായിരുന്നു. അക്കാദമി ടീമിനൊപ്പമുള്ള മികച്ച പ്രകടനം ക്രെമാചിക്ക്‌ 2022 ല്‍ ഇന്റര്‍മിയാമിയുടെ സീനിയര്‍ ടീമിലേക്ക്‌ അവസരമൊരുക്കി. ഇപ്പോള്‍, പാര്‍മയിലേക്ക്‌ ചേക്കേറുന്നത്‌ നാല്‌ ദശലക്ഷം യൂറോയുടെ സ്ഥിരം കരാറിലാണ്‌. ലോണില്‍ പാര്‍മയ്‌ക്ക്‌ കളിച്ചുകൊണ്ടിരിക്കെയാണ്‌ സ്ഥിരം കരാര്‍ ലഭിക്കുന്നത്‌. അണ്ടര്‍ 20 ലോകകപ്പില്‍ യു എസ്‌ എയ്‌ക്ക്‌ വേണ്ടി അഞ്ച്‌ ഗോളുകള്‍ നേടി ടോപ്‌ സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട്‌ നേടിയ താരമാണ്‌ ബെഞ്ചമിന്‍ ക്രെമാചി.

ഇന്റര്‍മിയാമിയുടെ പുതിയ പരിശീലകനായി അര്‍ജന്റീനയുടെ ക്രിസ്റ്റ്യന്‍ കിലി ഗോണ്‍സാലസ്‌ നിയമിതനായിട്ടുണ്ട്‌. ഇത്‌ മെസിയുടെ താത്‌പര്യപ്രകാരമുള്ള നിയമനമാണെന്ന വാര്‍ത്തയോട്‌ താത്‌കാലിക പരിശീലകന്‍ ഗ്യുല്ലെര്‍മോ ഹോയോസ്‌ പ്രതികരിച്ചിട്ടുണ്ട്‌. ഇതൊരു വലിയ ക്ലബ്ബാണ്‌, കൂട്ടായ തീരുമാനത്തിലൂടെയാണ്‌ പരിശീലകനെ കണ്ടെത്തുന്നത്‌ - ഹോയോസ്‌ പറഞ്ഞു. ഹോയോസിന്റെ കീഴില്‍ പതിനേഴ്‌ മത്സരങ്ങള്‍ ഇന്റര്‍മിയാമി കളിച്ചു. ഒമ്പത്‌ ജയം, മൂന്ന്‌ സമനില, അഞ്ച്‌ തോല്‍വി എന്നിങ്ങനെയാണ്‌ കണക്ക്‌.