ബംഗളൂരു: ഐഎസ്എൽ നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്സിയുടെ ഹോം മത്സരങ്ങള്‍ പൂനെയിലേക്ക് മാറാന്‍ സാധ്യത. നിയമക്കുരുക്കിൽപെട്ട് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയം നഷ്ടമായതോടെയാണ് ക്ലബ് നഗരം വിട്ടത്. ബിഎഫ്സിയെ ബെംഗളൂരുവിൽ തന്നെ കളിപ്പിക്കണമെന്ന ആവശ്യവുമായി പ്രമുഖർ രംഗത്തെത്തി.

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ആകർഷങ്ങളിലൊന്നായ ബെംഗളൂരു എഫ്സിയുടെ ആരാധകക്കൂട്ടത്തിന് സ്വന്തം ടീമിന്‍റെ കളി കാണാൻ പൂനെയിലേക്ക് പറക്കണം. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിന്‍റെ വെസ്റ്റ് ബ്ലോക്കിൽ നിറയുന്ന നീലപ്പടയെ ഈ സീസണിൽ കാണാനിടയില്ല. കർണാടക സർക്കാരിന് കീഴിലുളള കണ്ഠീരവ സ്റ്റേഡിയം ബിഎഫ്സിയുടെ ഹോം ഗ്രൗണ്ടായതോടെ പരിശീലനത്തിന് അവസരം കിട്ടുന്നില്ലെന്ന് അത്‍ലറ്റുകൾ പരാതിപ്പെട്ടതാണ് തിരിച്ചടിയായത്.

സിന്തറ്റിക് ട്രാക്ക് കൂടി ഉൾപ്പെട്ട സ്റ്റേഡിയത്തിന് വേണ്ടി അശ്വനി നഞ്ചപ്പ, ജി ജി പ്രമീള എന്നിവരുൾപ്പെടെയുളള അന്താരാഷ്ട്ര അത്‍ലറ്റുകൾ ഹൈക്കോടതിയിലെത്തി.കൃത്രിമപ്പുല്ല് വച്ചുപിടിപ്പിക്കുന്നത് മുതൽ പരസ്യഹോൾഡിങ്ങുകൾ വരെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഇവർ പറഞ്ഞു. കേസ് തുടരുകയാണ്. കർണാടക അത്‍ലറ്റിക് അസോസിയേഷൻ ബെംഗളൂരു എഫ്സിക്ക് ഉറപ്പും നൽകിയില്ല. ഇതോടെ മഹാരാഷ്ട്രയിലെ പൂനെ ബാലെവാഡി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി ബിഎഫ്സി പ്രഖ്യാപിച്ചു.

ബിഎഫ്സിയെ നാട്ടിൽ നിന്ന് ഓടിച്ചെന്ന വിമർശനവുമായി പ്രമുഖർ രംഗത്തുവന്നു.കണ്ഠീരവയുടെ ആവേശം വേറെ എവിടെയും കിട്ടില്ലെന്ന് പറഞ്ഞ മഹേഷ് ഭൂപതി മുഖ്യമന്ത്രി യെദിയൂരപ്പയെ ട്വീറ്റിൽ ടാഗ് ചെയ്തു.രൂക്ഷ വിമർശനവുമായി രോഹൻ ബൊപ്പണ്ണയും സി കെ വിനീതുമെത്തി. മത്സരങ്ങൾ കണ്ഠീരവയിൽ തന്നെ നടത്താൻ ഇടപെടുമെന്ന് തേജസ്വി സൂര്യ എം പി പറഞ്ഞു. എന്നാൽ നിയമക്കുരുക്ക് നിലനിൽക്കെ പരിഹാരം അകലെയാണ്. അങ്ങനെയെങ്കിൽ ശ്രീ കണ്ഠീരവയിൽ ഇത്തവണ ഐഎസ്എൽ ആരവം ഒഴിയും.