ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സി- എടികെ മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ആദ്യ പകുതിയിലായിരുന്നു ബംഗളൂരുവിന്റെ ഗോളുകള്‍. എന്നാല്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സന്ദര്‍ശകരായ എടികെ തിരിച്ചടിച്ചു. പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ ഇരു ടീമുകളെയും സംബന്ധിച്ചിടത്തോളം അപ്രസക്തമായിരുന്നു ഇന്നത്തെ മത്സരം.

ഡിമാസ് ഡെല്‍ഗാഡോ, കെവോണ്‍ ഫ്രാറ്റര്‍ എന്നിവരാണ് ബംഗളൂരുവിന് വേണ്ടി ഗോളുകള്‍ നേടിയത്. എഡു ഗാര്‍സിയ, മൈക്കല്‍ സൂസൈരാജ് എന്നിവരാണ് എടികെയ്ക്ക് വേണ്ടി ഗോളുകള്‍ തിരിച്ചടിച്ചത്. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ എടികെ 34 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ബംഗളൂരുവിന് 30 പോയിന്റുണ്ട്. 

കൊല്‍ക്കത്തയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ എടികെ മറുപടിയില്ലാത്ത ഒരു ഗോളിന് ബംഗളുരുവിനെ തോല്‍പ്പിച്ചിരുന്നു. 39 പോയിന്റുള്ള ഗോവ എഫ് സി നേരത്തേ തന്നെ ഗ്രൂപ്പ ഘട്ട ചാമ്പ്യന്മാരായിരുന്നു. പ്രാഥമിക റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒഡീഷ നാളെ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും.