Asianet News MalayalamAsianet News Malayalam

ബംഗളൂരു എഫ്‌സി താരങ്ങള്‍ മാലദ്വീപില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; മാപ്പ് പറഞ്ഞ് ക്ലബ് ഉടമ

മൂന്ന് വിദേശ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവരുമാണ് കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചത്. എഎഫ്‌സി കപ്പ് പ്ലേഓഫിനായി വെള്ളിയാഴ്ചയാണ് ടീം മാലദ്വീപിന്റെ തലസ്ഥാനമായ മാലിയിലെത്തിയത്.
 

Bengaluru FC owner Parth Jindal apologizes for inexcusable behavior in Maldives
Author
New Delhi, First Published May 9, 2021, 6:27 PM IST

ദില്ലി: മാലദ്വീപില്‍ എഎഫ്‌സി കപ്പ് പ്ലേഓഫിനായെത്തിയ ബംഗളൂരു എഫ്‌സി താരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച സംഭവത്തില്‍ ക്ലബ് ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ ക്ഷമ ചോദിച്ചു. സംഭവത്തില്‍ മാലദ്വീപ് കായിക മന്ത്രി ഇടപ്പെട്ടിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലഭിച്ച ബംഗളൂരു ടീമിനോട് ഇന്ത്യയിലേക്ക് തിരിച്ചുപോവാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് ക്ഷമ ചോദിച്ച് ടീം ഉടമയെത്തിയത്.

മൂന്ന് വിദേശ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവരുമാണ് കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചത്. എഎഫ്‌സി കപ്പ് പ്ലേഓഫിനായി വെള്ളിയാഴ്ചയാണ് ടീം മാലദ്വീപിന്റെ തലസ്ഥാനമായ മാലിയിലെത്തിയത്. എന്നാല്‍ അംഗീകരിക്കാന്‍ കഴിയാത്ത പെരുമാറ്റമാണ് ടീമിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കായിക മന്ത്രി മുഹമ്മദ് മഹ്ലൂഫ് ട്വറ്ററില്‍ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ.. ''അംഗീകരിക്കാന്‍ കഴിയാത്ത പെരുമാറ്റമാണ് ബംഗളൂരു എഫ്‌സിയില്‍ നിന്നുണ്ടായത്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയടെ കര്‍ശനമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ബംഗളൂരു പാലിച്ചില്ല. ക്ലബ് മാലദ്വീപ് വിട്ട് പോവേണ്ടതാണ്. ഇതുപോലുള്ള പെരുമാറ്റം അനുവദിക്കാന്‍ സാധിക്കില്ല.'' മഹ്ലൂഫ് വ്യ്ക്തമാക്കി. 

സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായി ജിന്‍ഡാല്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. ട്വീറ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ... ''മൂന്ന് വിദേശ കളിക്കാരുടേയും സപ്പോര്‍ട്ട് സ്റ്റാഫിന്റേയും ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിന് ബംഗളൂരു എഫ്‌സിക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ താരങ്ങള്‍ക്കും സ്റ്റാഫിനും എതിരെ ശക്തമായ നടപടി സ്വീകരിക്കും. തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നു.'' ജിന്‍ഡാല്‍ കുറിച്ചിട്ടു. 

ചൊവ്വാഴ്ച്ചയാണ് ഈഗിള്‍സ് എഫ്‌സിയുമായിട്ടുള്ള മത്സരം. യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്‌സി എതിരില്ലാത്ത അഞ്ച് ഗോളിന് നേപ്പാള്‍ ആര്‍മിയെ തോല്‍പ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios