ബെംഗളൂരു: ഐഎസ്എല്ലില്‍ പുണെ സിറ്റിയുടെ മലയാളി വിംഗര്‍ അഷിഖ് കുരുണിയനെ വന്‍ തുകയ്‌ക്ക് റാഞ്ചാന്‍ ബെംഗളൂരു എഫ്‌സി. ഇരുപത്തിരണ്ടുകാരനായ താരത്തെ 70 ലക്ഷം രൂപയ്‌ക്കാണ് ബെംഗളൂരു ടീം സ്വന്തമാക്കുന്നത് എന്നാണ് ഗോള്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട്. ബെംഗളൂരു എഫ്‌സി പുണെയുമായി കരാര്‍ പൂര്‍ത്തിയാക്കിയതായാണ് സൂചന.  

ജെംഷഡ്‌പൂര്‍ എഫ്‌സിയില്‍ നിന്ന് 90 ലക്ഷം രൂപയ്‌ക്ക് എടികെ മൈക്കല്‍ സൂസൈരാജിനെ സ്വന്തമാക്കിയ ശേഷം ഐഎസ്എല്ലില്‍ ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഉയര്‍ന്ന ട്രാന്‍സ്‌ഫര്‍ തുകയാണ് ആഷിഖിന്‍റേത്. ബെംഗളൂരുവിനായി സൂപ്പര്‍ താരം സുനില്‍ ഛേത്രിക്കും ഉദാന്ദ സിംഗിനുമൊപ്പം മുന്‍നിരയില്‍ ഇന്ത്യന്‍ ആക്രമണം അഴിച്ചുവിടാനാണ് ആഷിഖിന് വഴിയൊരുങ്ങുന്നത്. ആഷിഖ് ബെംഗളൂരുവിനൊപ്പം പരിശീലനം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

എഫ്‌സി പുണെ സിറ്റിയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന ആഷിഖ് സ്‌പാനിഷ് ക്ലബ് വിയ്യാറയലിന്‍റെ സി ടീമിനൊപ്പം കളിച്ചിട്ടുണ്ട്. പരിക്കുമൂലം വിയ്യാറയലില്‍ അധികനാള്‍ തുടരാനായില്ലെങ്കിലും ഐഎസ്എല്ലില്‍ കഴിവ് തെളിയിക്കുകയായിരുന്നു. അടുത്തിടെ എഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കായി ആഷിഖ് കുരുണിയന്‍ ബൂട്ടണിഞ്ഞിരുന്നു.