ബെംഗളൂരു: ഐഎസ്എല്ലില്‍ എഫ്‌സി പുണെ സിറ്റിയുടെ മലയാളി മധ്യനിര താരം അഷിഖ് കുരുണിയന്‍ ഇനി ബെംഗളൂരു എഫ്‌സിയില്‍. നീലപ്പടയില്‍ ചേര്‍ന്ന വിവരം ആഷിഖ് തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇരുപത്തിരണ്ടുകാരനായ ആഷിഖ് 70 ലക്ഷം രൂപയ്‌ക്കാണ് ബെംഗളൂരുവിലെത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ ക്ലബ് പുണെ സിറ്റി മാനേജ്‌മെന്‍റിനും സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും ആഷിഖ് നന്ദിയറിയിച്ചു. 

ബെംഗളൂരു എഫ്‌സിയില്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഛേത്രിക്കൊപ്പം പന്തുതട്ടാനാണ് ആഷിഖിന് വഴിയൊരുങ്ങുന്നത്. മധ്യനിരയില്‍ കളി മെനയുകയാവും ആഷിഖിന്‍റെ ചുമതല. ആഷിഖ് ബെംഗളൂരുവിനൊപ്പം പരിശീലനം ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പുണെ സിറ്റി അടച്ചുപൂട്ടുമെന്ന കാര്യം തീരുമാനമായതോടെ കൂടുതല്‍ താരങ്ങള്‍ മറ്റ് ക്ലബുകളിലേക്ക് ചേക്കേറും എന്നാണ് സൂചനകള്‍. 

പുണെ സിറ്റിയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന ആഷിഖ് സ്‌പാനിഷ് ക്ലബ് വിയ്യാറയലിന്‍റെ സി ടീമിനൊപ്പം കളിച്ചിട്ടുണ്ട്. പരിക്കുമൂലം വിയ്യാറയലില്‍ അധികനാള്‍ തുടരാനായില്ലെങ്കിലും ഐഎസ്എല്ലില്‍ കഴിവ് തെളിയിക്കുകയായിരുന്നു. അടുത്തിടെ എഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കായി ആഷിഖ് കുരുണിയന്‍ ബൂട്ടണിഞ്ഞിരുന്നു.