ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം. എഫ് സി ഗോവ മുന്‍ ചാംപ്യന്മാരായ ബംഗളൂരു എഫ്‌സിയെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം. ഇരുടീമുകളും ഏഴ് കളിയില്‍ ഏറ്റുമുട്ടി. ഗോവ ജയിച്ചത് ഒരു കളിയില്‍ മാത്രം. ബംഗളൂരു അഞ്ച് കളിയില്‍ ജയിച്ചു. ഒരു മത്സരം സമനിലയില്‍. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമാണ് ഗോവ. ഏറ്റവും കുറച്ച് ഗോളുകള്‍ വഴങ്ങിയ ടീം ബംഗളൂരുവും. 

കോച്ച് സെര്‍ജിയോ ലൊബേറയും പ്രമുഖ താരങ്ങളും മുംബൈ സിറ്റിയിലേക്ക് ചേക്കേറിയതിനാല്‍ പുതിയ കോച്ച് യുവാന്‍ ഫെറാന്‍ഡോയുടെ നേതൃത്വത്തില്‍ കെട്ടുംമട്ടും മാറിയാണ് ഗോവയെത്തുന്നത്. ഐഎസ്എല്‍ ചരിത്രത്തിലെ ടോപ് സ്‌കോററായ കോറോയ്ക്ക് പകരം ഗോവ ടീമിലെത്തിച്ചിരിക്കുന്നത് ഇഗോര്‍ അന്‍ഗുലോയെ. ജോര്‍ഗെ ഓര്‍ടിസ്, ഡൗന്‍ഗല്‍, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് എന്നിവരും മുന്നേറ്റനിരയില്‍ ഇഗോറിനൊപ്പമുണ്ടാവും. മധ്യനിരയില്‍ എഡു ബെഡിയ, ലെന്നി റോഗ്രിഗസ് ജോഡിയിലാണ് പ്രതീക്ഷ. ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രൊഫഷണലിസത്തിന്റെ നേരവകാശികളായ ബെംഗളൂരു എഫ് സി ഇത്തവണയും കരുത്തുകൂട്ടി.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഗോളി ഗുപ്രീത് സിംഗ് സന്ധു, രാഹുല്‍ ബെക്കെ, മലയാലിതാരം ആഷിക് കുരുണിയന്‍, എറിക് പാര്‍ത്തലു, ഉദാന്ത സിംഗ് തുടങ്ങിയവരെയെല്ലാം നിലനിര്‍ത്തിയ ബെംഗളൂരു ബ്രസീലിയന്‍ വിംഗര്‍ ക്ലെയ്റ്റന്‍ സില്‍വ, നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ ഒപ്‌സെത് എന്നിവരേയും ടീമലെത്തിച്ചു. ആക്രമണ തന്ത്രങ്ങളുമായി കാര്‍ലെസ് കോഡ്രാറ്റും ബിഎഫ്‌സിക്കൊപ്പമുണ്ട്. കഴിഞ്ഞ സീസണില്‍ സെമിഫൈനലില്‍ പുറത്തായ രണ്ട് ടീമുകളാണ് ഗോവയും ബംഗളൂരുവും.