മാഞ്ചസ്റ്റര്‍: മികച്ച താരത്തെ കണ്ടെത്താനുള്ള ഫിഫ ദ് ബെസ്റ്റ് ചുരുക്കപ്പട്ടികയെ വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകന്‍ പെപ് ഗാർഡിയോള. കഴിഞ്ഞ സീസണിൽ മൂന്ന് കിരീടം നേടിയ സിറ്റിയുടെ ഒരുതാരം പോലും പത്തംഗ പട്ടികയിൽ ഉൾപ്പെടാത്തത് എന്തുകൊണ്ടാണ് എന്ന് മനസിലാവുന്നില്ലെന്ന് ഗാര്‍ഡിയോള വ്യക്തമാക്കി. 

ഡേവിഡ് സിൽവയും കെവിൻ ഡിബ്രൂയിനുമെല്ലാം തുടർച്ചയായി അവഗണിക്കപ്പെടുകയാണ്. സിറ്റി താരങ്ങളെ പരിഗണിക്കാൻ ഒരു സീസണിൽ അഞ്ചോ ആറോ ട്രോഫികളും 250ലേറെ പോയിന്‍റും നേടണോ എന്നും ഗാർഡിയോള ചോദിക്കുന്നു. പ്രൊഫഷണൽ ഫുട്ബോളേഴ്‌സ് അസോസിയേഷന്‍റെ പുരസ്‌കാരങ്ങളിലും സിറ്റി താരങ്ങൾ അവഗണന നേരിടുന്നുണ്ടെന്ന് ഗാർഡിയോള ആരോപിച്ചു. 

ഇത്തവണത്തെ പട്ടികയിൽ പ്രീമിയ‍ർ ലീഗിൽ നിന്ന് നാല് താരങ്ങളാണുള്ളത്. ലിവർപൂളിന്‍റെ മുഹമ്മദ് സലാ, സാദിയോ മാനേ, വിർജിൽ വാൻഡൈക്, ടോട്ടനത്തിന്‍റെ ഹാരി കെയ്ൻ എന്നിവരാണ് പട്ടികയിലുള്ള താരങ്ങൾ.