ചെല്‍സിയുടെ മൈതാനത്താണ് മത്സരം. അതേസമയം, റൊമേലു ലുക്കാക്കുവുമായുള്ള (Romelu Lukaku) പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ചെല്‍സി കോച്ച് തോമസ് ടുഷേല്‍.

ലണ്ടന്‍: കാരബാവോ കപ്പ് സെമിഫൈനലില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ചെല്‍സി (Chelsea) രാത്രി ഒന്നേകാലിന് തുടങ്ങുന്ന ആദ്യപാദ സെമിയില്‍ ടോട്ടനത്തെ (Tottenham) നേരിടും. ചെല്‍സിയുടെ മൈതാനത്താണ് മത്സരം. അതേസമയം, റൊമേലു ലുക്കാക്കുവുമായുള്ള (Romelu Lukaku) പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ചെല്‍സി കോച്ച് തോമസ് ടുഷേല്‍. കാരബാവോ കപ്പിനുള്ള ടീമില്‍ ലുക്കാക്കുവിനെ ഉള്‍പ്പെടുത്തുമെന്നും ടുഷേല്‍ പറഞ്ഞു.

കോച്ച് തോമസ് ടുഷേലിന്റെ ഗെയിംപ്ലാനുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നും ഇന്റര്‍ മിലാന്‍ വിട്ട് ചെല്‍സിയിലേക്ക് തിരിച്ചെത്തിയത് തെറ്റായ തീരുമാനമായിരുന്നു എന്നുമുള്ള റൊമേലു ലുക്കാക്കുവിന്റെ വാക്കുകളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇതിന് പിന്നാലെ ലിവര്‍പൂളുമായുള്ള നിര്‍ണായക മത്സരത്തിനുള്ള ടീമില്‍ നിന്ന് ലുക്കാക്കുവിനെ ടുഷേല്‍ ഒഴിവാക്കി. ടീം മാനേജ്‌മെന്റ് ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ ലുക്കാക്കു മാപ്പ് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.

ചെല്‍സി ആരാധകരുടെ അതൃപ്തി ലുക്കാക്കുതന്നെ പരിഹരിക്കണമെന്നും ടുഷേല്‍. ഈ സീസണില്‍ ഇന്റര്‍ മിലാനില്‍ നിന്ന് ചെല്‍സിയിലെത്തിയ ലുക്കാക്കു 18 കളിയില്‍ നിന്ന് ഏഴ് ഗോള്‍ നേടിയിട്ടുണ്ട്.