അര്‍ജന്‍റീനയ്ക്കെതിരെ അട്ടിമറി ജയം സമ്മാനിച്ച എല്ലാ ഫുട്ബോള്‍ താരങ്ങള്‍ക്കും സൗദി രാജകുമാരന്‍ റോൾ റോയ്സ് നൽകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് നേരത്തെ പ്രചരിച്ചിരുന്നത്

ദോഹ: ലോകകപ്പിൽ വമ്പന്മാരായ അർജന്റീനയെ മുട്ടുകുത്തിച്ച സൗദി അറേബ്യൻ ടീമിലെ എല്ലാവർക്കും അത്യാഡംബര വാഹനമായ റോള്‍സ് റോയ്സ് ലഭിക്കുമെന്നുള്ള പ്രചാരണം തള്ളി പരിശീലകൻ ഹെര്‍വെ റെനാര്‍ഡ്. ഈ പ്രചാരണത്തിൽ സത്യമൊന്നും ഇല്ലെന്ന് സൗദി പരിശീലകൻ പറഞ്ഞു. വളരെ ഗൗരവമായ ഒരു ഫെഡറേഷനും കായിക മന്ത്രാലയവും സൗദിക്കുണ്ട്. അർജന്റീനയ്ക്ക് മുമ്പുള്ള വാർത്താ സമ്മേളനം നിങ്ങൾ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല.

മൂന്ന് പ്രധാന ഗെയിമുകളിൽ ഒന്നാണ് അർജന്റീനക്കെതരെയുള്ളതെന്ന് പറഞ്ഞിരുന്നു. ​ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുക എന്നുള്ളതാണ് ലക്ഷ്യമെന്നും പറഞ്ഞിരുന്നുവെന്ന് ഹെര്‍വെ റെനാര്‍ഡ് വ്യക്തമാക്കി. അര്‍ജന്‍റീനയ്ക്കെതിരെ അട്ടിമറി ജയം സമ്മാനിച്ച എല്ലാ ഫുട്ബോള്‍ താരങ്ങള്‍ക്കും സൗദി രാജകുമാരന്‍ റോൾ റോയ്സ് നൽകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് നേരത്തെ പ്രചരിച്ചിരുന്നത്. ടീം ലോകകപ്പ് മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോള്‍ സൗദി രാജകുമാരനായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് ആകും സമ്മാനം നല്‍കുകയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

വമ്പൻ അട്ടിമറികളിലൊന്നിലൂടെ ലോകഫുട്ബോളില്‍ തുടക്കമിട്ടതിന് പിന്നാലെ സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മത്സരം കാണാന്‍ ഓഫീസുകള്‍ക്ക് ഭാഗിക അവധി നല്‍കിയ സൗദി അറേബ്യ മത്സര വിജയത്തിന് പിന്നാലെ ദേശീയ അവധി അടക്കം നല്‍കിയാണ് ദേശീയ ടീമിന്‍റെ വിജയം ആഘോഷിച്ചത്. സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അടക്കമായിരുന്നു അവധി പ്രഖ്യാപിച്ചത്. എന്നാൽ, ലോകകപ്പിലെ രണ്ടാം മത്സരത്തിൽ സൗദി തോൽവിയറിഞ്ഞു.

അവസാന നിമിഷം വരെ പൊരുതി കളിച്ചിട്ടും പോളണ്ടിന്റെ വിജയം തടുക്കാൻ സൗദിക്ക് സാധിച്ചില്ല. . റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പോളണ്ടിന്റെ ജയം. ലെവയ്ക്ക് പുറമെ, പിയോറ്റ് സിലിന്‍സ്‌കിയാണ് മറ്റൊരു ഗോള്‍ നേടിയത്. ആദ്യപാതിയില്‍ ഗോള്‍ വഴങ്ങിയെങ്കിലും പോളണ്ടിനെ വരച്ചവരയില്‍ നിര്‍ത്താന്‍ സൗദിക്ക് സാധിച്ചിരുന്നു. പലപ്പോഴും പോളണ്ട് ഗോള്‍മുഖം വിറപ്പിക്കാന്‍ സൗദി മുന്നേറ്റത്തിനായി. ആദ്യപകുതിയുടെ അവസാനങ്ങളില്‍ ഒരു പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതെ പോയതും സൗദിക്ക് തിരിച്ചടിയായി.

സൗദിയില്‍ ലോകകപ്പിന്റെ ലൈവ് സ്ട്രീമിംഗിന് വിലക്ക്; കാരണം അവ്യക്തം