അൾജീരിയക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൊണ്ടിയേലിന് ഹാംസ്ട്രിങ് ഇഞ്ചുറി നേരിട്ടത്. പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ താരത്തെ കളിപ്പിച്ച് റിസ്ക് എടുക്കാൻ കോച്ച് ലയണൽ സ്കലോണി തയ്യാറല്ല.

ന്യൂയോര്‍ക്ക്: ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രിയയെ നേരിടാനൊരുങ്ങുന്ന അർജന്‍റീനിയൻ നിരയിൽ നിർണായക മാറ്റം. അൾജീരിയക്കെതിരായ ആദ്യ മത്സരത്തിൽ കളിച്ച പ്രതിരോധ താരം ഗോൺസാലോ മൊണ്ടിയേലിന് പകരം നഹുവൽ മൊളീനയെ ഓസ്ട്രിയക്കെതിരെ അർജന്‍റീനയുടെ ആദ്യ ഇലവനിൽ കോച്ച് ലയണൽ സ്കലോണി ഉള്‍പ്പെടുത്തി. ആദ്യ മത്സരത്തിൽ അൾജീരിയയെ 3-0 ന് തകർത്തതിന്‍റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്ക്, ഈ മത്സരത്തിൽ വിജയിക്കാനായാൽ നോക്കൗട്ട് യോഗ്യത ഉറപ്പാക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അൾജീരിയക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൊണ്ടിയേലിന് ഹാംസ്ട്രിങ് ഇഞ്ചുറി നേരിട്ടത്. പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ താരത്തെ കളിപ്പിച്ച് റിസ്ക് എടുക്കാൻ കോച്ച് ലയണൽ സ്കലോണി തയ്യാറല്ല. ഇതേത്തുടർന്നാണ് വിശ്വസ്തനായ റൈറ്റ് ബാക്ക് താരം നഹുവൽ മൊളീനയെ ആദ്യ ഇലവനിലേക്ക് തിരിച്ചുവിളിച്ചത്. മൊളീന കൂടി എത്തുന്നതോടെ ടോട്ടനത്തിന്‍റെ ക്രിസ്റ്റ്യൻ റൊമേറോ, മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ലിസാൻഡ്രോ മാർട്ടീനസ് എന്നിവരടങ്ങുന്ന അർജന്‍റീനിയൻ പ്രതിരോധ നിര കൂടുതൽ ശക്തമാകും.

മൊളീനയെ കൂടാതെ ടീമിൽ മറ്റ് ചില മാറ്റങ്ങൾക്കും സ്കലോണി മുതിർന്നേക്കുമെന്നാണ് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും മറ്റ് മാറ്റങ്ങളൊന്നുമില്ല. ആദ്യ മത്സരത്തിൽ ലൗട്ടാരോ മാർട്ടീനസ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. ലിയോണൽ മെസിക്കൊപ്പം മികച്ച കെമിസ്ട്രിയുള്ള ജൂലിയൻ അൽവാരസിന് ആദ്യ ഇലവനിൽ സ്കലോണി അവസരം നൽകിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഓസ്ട്രേിയക്കെതിരെയും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ലൗതാരോ തന്നെയാണുള്ളത്.

കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി അസിസ്റ്റ് നൽകിയ നിക്കോളാസ് ഗോൺസാലസ് ആദ്യ ഇലവനിലെത്തുമെന്നും സൂചനയുണ്ടായിരുന്നെങ്കിലും തിയാഗോ അൽമാഡ തന്നെയാണ് ഇന്നും ആദ്യ ഇലവനിലുള്ളത്. ബെഞ്ചിലിരുന്നേക്കും. റോഡ്രിഗോ ഡി പോൾ, അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവർ മധ്യനിരയിൽ തുടരും.

റെക്കോർഡിനരികെ മെസി

ആദ്യ മത്സരത്തിൽ തകർപ്പൻ ഹാട്രിക് നേടിയ ക്യാപ്റ്റൻ ലിയോണൽ മെസ്സി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് (16 ഗോളുകൾ) മറികടക്കാൻ മെസ്സിക്ക് ഇനി വെറും ഒരു ഗോൾ കൂടി മതി. അതേസമയം ആദ്യ മത്സരത്തിൽ ജോർദാനെ തകർത്ത (3-1) റാൽഫ് റാഗ്നിക്കിന്റെ ഓസ്ട്രിയ അർജന്റീനയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്. ഡാളസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ ആവേശപ്പോരാട്ടത്തിൽ വിജയിക്കുന്നവർക്ക് അടുത്ത റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക