സാവോ പോളോ: ഖത്തല്‍ ലോകകപ്പിനുള്ള ദക്ഷിണ അമേരിക്കന്‍ മേഖല യോഗ്യത മത്സത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. സാവോ പോളോയില്‍ മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ബൊളീവിയയെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ കൊളംബിയ 3-0ത്തിന് വെനെസ്വേലയെ മറികടന്നു.

റോബര്‍ട്ട് ഫിര്‍മിനോയുടെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ജയമൊരുക്കിയത്. മര്‍ക്വിഞ്ഞോസ്, ഫിലിപെ കുടിഞ്ഞോ എന്നിവരും ബ്രസീലിനായി ഗോളുകള്‍ നേടി. ഒരു ഗോള്‍ ബൊളീവിനയന്‍ താരത്തിന്റെ ദാനമായിരുന്നു. സൂപ്പര്‍താരം നെയ്മര്‍ക്ക് ഗോളൊന്നും നേടാന്‍ കഴിഞ്ഞില്ല. 

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ രണ്ട് ഗോള്‍ നേടി. 16ാം മിനിറ്റില്‍ മര്‍ക്വിഞ്ഞോസിലൂടെയായിരുന്നു തുടക്കം. 30ാം മിനിറ്റില്‍ ഗോള്‍ നേടി ഫിര്‍മിനോ ലീഡുയര്‍ത്തി. രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റുകള്‍ക്കകം ഫിര്‍മിനോ തന്റെ രണ്ടാം ഗോളും നേടി. 66ാം മിനിറ്റിലായിരുന്നു ബൊളീവിയന്‍ പ്രതിരോധതാരം ജോസ് കരാസ്‌കയുടെ  സെല്‍ഫ് ഗോള്‍. 73ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കുടിഞ്ഞോ പട്ടിക പൂര്‍ത്തിയാക്കി. 

വെനെസ്വേലയ്‌ക്കെതിരെ ലൂയിസ് ഫെര്‍ണാണ്ടോയുടെ ഇരട്ട ഗോളുകളാണ് കൊളംബിയക്ക് ജയമൊരുക്കിയത്. ഡുവാന്‍ സപാറ്റയുടെ വകയായിരുന്നു മൂന്നാം ഗോള്‍. ഈ മാസം 14നാണ് അടുത്ത മത്സരങ്ങള്‍ നടക്കുന്നത്. പെറുവാണ് അടുത്ത മത്സരത്തില്‍ ബ്രസീലിന്റെ എതിരാളി. അര്‍ജന്റീന ബൊളീവിയയെ നേരിടും. ചിലി- കൊളംബിയ മത്സരമാണ് ഹൈലൈറ്റ്‌സ്. വെനെസ്വേല- പരാഗ്വെ, ഇക്വഡര്‍- ഉറുഗ്വെ മത്സരവും അന്നുതന്നെയാണ്.