Asianet News MalayalamAsianet News Malayalam

കാസമിറോയുടെ സൂപ്പര്‍ സ്‌ട്രൈക്ക്; സ്വിസ് പ്രതിരോധവും മറികടന്ന് കാനറികള്‍ പ്രീ ക്വാര്‍ട്ടറില്‍

രണ്ടാം പകുതിയില്‍ ഒരു മാറ്റവുമായിട്ടാണ് ബ്രസീല്‍ ഇറങ്ങിയത്. പക്വേറ്റയ്ക്ക് പകരം റോഡ്രിഗോ കളത്തിലെത്തി. ആദ്യ 45 മിനിറ്റില്‍ ഒരു ഗോള്‍ ശ്രമം മാത്രം നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് അല്‍പം കൂടി ആക്രമിച്ചു കളിക്കാന്‍ തുടങ്ങി.

Brazil to pre quarters of Qatar world cup after beating Switzerland
Author
First Published Nov 28, 2022, 11:25 PM IST

ദോഹ: ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ നിന്ന് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രസീലിന് ആറ് പോയിന്റായി. മൂന്ന് പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ഓരോ പോയിന്റ് വീതമുള്ള കാമറൂണും സെര്‍ബിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. മത്സരത്തില്‍ ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ സൂപ്പര്‍താരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു.

ബ്രസീലിന് മുതലാക്കാന്‍ കഴിയാതെ പോയ ആദ്യപാതി

12-ാം മിനിറ്റില്‍ ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. ഇടത് വിംഗില്‍ നിന്ന് ലൂകാസ് പക്വേറ്റയുടെ പാസ് റിച്ചാര്‍ലിസണ്. താരം ബോക്‌സിലേക്ക് പന്ത് നീട്ടികൊടുത്തു. എന്നാല്‍ വിനിഷ്യസിന്റെ ഷോട്ട് സ്വിസ് പ്രതിരോധതാരം എല്‍വേദി തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഷോട്ട് പുറത്തേക്ക്. 19-ാം മിനിറ്റില്‍ പക്വേറ്റയുടെ ക്രോസ് സ്വിസ് ഗോള്‍ മുഖത്തേക്ക്. റിച്ചാര്‍ലിസണ്‍ ഒരു മുഴുനീളെ സ്‌ട്രേച്ചിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 27-ാം മിനിറ്റില്‍ വിനീഷ്യസിനും കിട്ടി ഒരവസരം. റഫീഞ്ഞയുടെ പാസ് ബോക്‌സില്‍ കണക്റ്റ് ചെയ്യാനുള്ള വിനിഷ്യസിന്റെ ശ്രമം ഗോള്‍ കീപ്പര്‍ തടുത്തിട്ടു. റഫീഞ്ഞയുടെ ഷോട്ട് സോമര്‍ കയ്യിലൊതുക്കി. 31-ാം മിനിറ്റില്‍ മിലിറ്റാവയുമൊത്തുള്ള മുന്നേറ്റവും സോമറിന്റെ കൈകളില്‍ അവസാനിച്ചു. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡിനാവട്ടെ പറയത്തക്ക അവസരങ്ങള്‍ ഒന്നുംതന്നെ ലഭിച്ചതുമില്ല.

റോഡ്രിഗോയുടെ അസിസ്റ്റ്, കാസിയുടെ ഫിനിഷ്

രണ്ടാം പകുതിയില്‍ ഒരു മാറ്റവുമായിട്ടാണ് ബ്രസീല്‍ ഇറങ്ങിയത്. പക്വേറ്റയ്ക്ക് പകരം റോഡ്രിഗോ കളത്തിലെത്തി. ആദ്യ 45 മിനിറ്റില്‍ ഒരു ഗോള്‍ ശ്രമം മാത്രം നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് അല്‍പം കൂടി ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. 53-ാം മിനിറ്റില്‍ അവര്‍ക്ക് ആദ്യ അവസരവും ലഭിച്ചു. വിഡ്മറുടെ നിലംപറ്റെയുള്ള ക്രോസ് ബ്രസീലിയന്‍ ബോക്‌സിലേക്ക്. ഫാബിയന്‍ റീഡര്‍ സ്ലൈഡ് ചെയ്തുനോക്കിയെങ്കിലും ശരിയായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. 

റീബൗണ്ടില്‍ ഗോള്‍ നേടാനുള്ള ശ്രമം ഫ്രേഡ് തടയുകയും ചെയ്തു. 57-ാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഗോള്‍ശ്രമം പുറത്തേക്ക്. 64-ാം മിനിറ്റില്‍ സ്വിസ് വലയില്‍ പന്തെത്തി. കസെമിറോയുടെ ലോംഗ് ബോള്‍ വിനിഷ്യസിന്. വിഡ്മറുടെ സ്ലൈഡിംഗ് ചലഞ്ച് അതിജീവിച്ച വിനിഷ്യസി പന്ത് വലയിലെത്തിച്ചു. ബ്രസീല്‍ ആഘോഷവും തുടങ്ങി. എന്നാല്‍ വാറില്‍ വിനിഷ്യസ് ഓഫ്‌സൈഡാണെന്ന് തെളിഞ്ഞു. 83-ാം മിനിറ്റില്‍ കാസമിറോയുടെ ഗോള്‍. റയല്‍ മാഡ്രിഡ് താരം റോഡ്രിഗോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന്റെ ഹാഫ് വോളി ഗോള്‍ കീപ്പറേയും മറികടന്ന് വലയിലേക്ക്.

ആരാണോ ലൈറ്റിന്റെ സ്വിച്ചിൽ കളിച്ചേ! കോർണർ എടുക്കാൻ തയാറായി ബ്രസീൽ; സ്റ്റേഡിയത്തിൽ ഇരുട്ട്, അമ്പരന്ന് താരങ്ങൾ

Follow Us:
Download App:
  • android
  • ios