ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പിക്കാൻ ബ്രസീൽ ഇന്ന് നോർവെയ്ക്കെതിരെ കളത്തിലിറങ്ങുന്നു. ബ്രസീലിനെതിരെ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെന്ന ചരിത്രപരമായ മുൻതൂക്കം ഹാളണ്ടിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന നോർവെയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
ന്യൂജേഴ്‌സി: ക്വാർട്ടർ ഉറപ്പിക്കാൻ ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ ഇറങ്ങുന്നു. നോർവെയാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീലിനെതിരെ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് നോർവെ ഇന്ന് കളിക്കാനിറങ്ങുന്നത്. 1998 ൽ നടന്ന ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിനെ നോർവേ തോൽപ്പിച്ചത്. അത് കൂടാതെ നടന്നിട്ടുള്ള മൂന്ന് മത്സരങ്ങളിൽ ബ്രസീലിനെ സമനിലയിൽ തളയ്ക്കാനും നോർവെയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും ബ്രസീലിനെ പൂട്ടാമെന്ന പ്രതീക്ഷയിലാണ് ഹാളണ്ടും സംഘവും എത്തുന്നത്. ടീമിന്റെ പ്രകടനത്തിൽ പലപ്പോഴും സ്ഥിരതയില്ലെങ്കിലും പരിശീലകൻ കാർലോ ആഞ്ചലോട്ടിയിൽ തന്നെയാണ് ബ്രസീൽ ആരാധകർ വിശ്വാസമർപ്പിക്കുന്നത്.
ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ വിനീഷ്യസും ഹാളണ്ടും പട്ടികയിലുണ്ട്. അഞ്ച് ഗോളുകളുമായി ഹാളണ്ടും 4 ഗോളുകളുമായി വിനീഷ്യസും കടുത്ത പോരാട്ടം കാഴ്‌ചവയ്ക്കുമെന്ന് ഉറപ്പാണ്. വിനീഷ്യസ്- ഹാളണ്ട് പോരിനപ്പുറം ഗബ്രിയേൽ- ഹാളണ്ട് പോരാട്ടത്തിന് കൂടിയാണ് ന്യൂജഴ്‌സി സാക്ഷിയാവാൻ പോകുന്നത്. പ്രീമിയറിൽ ലീഗിൽ ആഴ്‌സണലിന്റെ സെന്റർ ബാക്കായ ഗബ്രിയേലിന്റെ സീസണലിടനീളമുള്ള മികച്ച പ്രകടനം ആഴ്‌സണലിന് ലീഗ് കിരീടം നേടികൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഹാളണ്ടും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു. പ്രീമിയർ ലീഗിൽ പലപ്പോഴും ഹാളണ്ട്- ഗബ്രിയേൽ പോരിന് ഫുട്ബോൾ പ്രേമികൾ സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഹാളണ്ടിനെ ഗബ്രിയേൽ പൂട്ടുമോ എന്നാണ് ഫുട്ബോൾ ആരാധകർ നാളെ ഉറ്റുനോക്കുന്നത്.
കിക്കോഫ് സമയത്തിൽ മാറ്റമുണ്ടോ?
അമേരിക്കയിലെ ചൂട് കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് ഒരു മണിക്കൂർ വൈകിയായിരിക്കും തുടങ്ങുകയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ സമയമാറ്റത്തെ കുറിച്ച് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ജപ്പാനെതിരായ നോക്കൗട്ട് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ ഇറങ്ങുന്നത്. പരിക്കിൽ നിന്നും മോചിതനാവാത്ത സൂപ്പർ താരം റാഫിഞ്ഞ നോർവേയ്‌ക്കെതിരെ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. താരം ടീമിന്റെ കൂടെ പരിശീലനത്തിന് ഇറങ്ങിയിരുന്നെങ്കിലും സ്റ്റാർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഹെയ്തിയുമായുള്ള രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ റഫീഞ്ഞ സ്കോട്ലൻഡിനെതിരെയും ജപ്പാനെതിരായ നോക്കൗട്ട് മത്സരത്തിലും കളിച്ചിരുന്നില്ല. റഫീഞ്ഞയ്ക്ക് പകരം പത്തൊന്പതുകാരൻ റയാൻ ആയിരുന്നു രണ്ട മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്തിരുന്നത്.
ജപ്പാനെതിരായ മത്സരത്തിൽ മധ്യനിരതാരം ലൂക്കാസ് പക്വേറ്റയും പരിക്കേറ്റ് പുറത്തായിരുന്നു. പക്വേറ്റയുടെ പരിക്കും ഭേദമാവാത്തതിനാൽ നോർവേക്കെതിരെ കളിക്കില്ലെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പക്വേറ്റയ്ക്ക് പകരക്കാരനായി മധ്യനിരയിൽ ഡാനിലോ സാന്റോസിനെ കളിപ്പിക്കാനാണ് സാധ്യത. എന്നാൽ മുന്നേറ്റം കൂടുതൽ ശക്തമാക്കാനായി എൻഡ്രിക്കിനെയോ ഗബ്രിയേൽ മാർട്ടിനെല്ലിയെയോ കളിപ്പിക്കാൻ സാധ്യയുണ്ടെന്നും പറയുന്നു.



