കൊച്ചി: ബ്രസീൽ ഫുട്ബോൾ താരം ജൈറോ റോഡ്രിഗസ് പീക്സോറ്റൊ ഫിൽഹോ വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിൽ സെന്റർ ബാക്ക് പൊസിഷനിലേക്കാണ് 190 സെന്റി മീറ്റർ ഉയരമുള്ള 26കാരനായ ജൈറോ കളിക്കുക.

2009ൽ ബ്രസീലിയൻ ക്ലബായ ഗോയസ്‌ എസ്പോർടെയിൽ തന്റെ ഫുട്ബാൾ കരിയർ ആരംഭിച്ച ജൈറോ പിന്നീട് സാന്റോസ് എഫ് സി,  അമേരിക്ക എഫ് സി, ബോട്ടേവ് വ്രാറ്റ്സാ,  ട്രോഫെൻസ്,  നെഫ്റ്റ്ചി ബകു,  സെപഹാൻ,  മോന്റെ യമഗതാ,  പേർസേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.
 
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2019-20 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ജൈറോ റോഡ്രിഗസ് പറഞ്ഞ‌ു. ശക്തിയും  വേഗതയും സമന്വയിപ്പിച്ച് കളിക്കുന്ന ജൈറോ റോഡ്രിഗസ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ സംഘത്തിന് കരുത്തേകുമെന്ന് കോച്ച് ഇൽക്കോ ഷട്ടോരി  പറഞ്ഞു.

റോഡ്രിഗസിന്റെ ആക്രമണോത്സുകതയും പന്ത് മിഡ്‌ഫീൽഡിലേക്ക് കൈമാറാനുള്ള മിടുക്കും ടീമിന് ഗുണം ചെയ്യുമെന്നും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ  ബ്രസീലിയൻ മതിലായി അദ്ദേഹം മാറുമെന്നും ഷട്ടോരി പ്രത്യാശ പ്രകടിപ്പിച്ചു.