Asianet News MalayalamAsianet News Malayalam

മോറീഞ്ഞോയിലും തീരുമാനമില്ല? പരിശീലകനായുള്ള ബ്രസീലിന്‍റെ അന്വേഷണം സിദാനിലേക്ക്- റിപ്പോര്‍ട്ട്

ബ്രസീല്‍ പരിശീലന സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന അഞ്ചാം പേരാണ് സിനദീന്‍ സിദാന്‍റേത്

Brazilian Football Confederation considering Zinedine Zidane for head coach job Report
Author
First Published Dec 26, 2022, 7:08 PM IST

സാവോപോളോ: ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്ക്ക് പകരക്കാരനെ തേടിയുള്ള ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍റെ അന്വേഷണം സിനദീന്‍ സിദാനില്‍ എത്തിനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. 2021 മെയ് മാസത്തില്‍ റയല്‍ പരിശീലന സ്ഥാനം രാജിവെച്ച ശേഷം സിദാന്‍ പുതിയ ടീമിലേക്ക് ചേക്കേറിയിരുന്നില്ല. ദെഷാംസിന് ശേഷം ഫ്രഞ്ച് ദേശീയ ടീമിന്‍റെ പരിശീലകനായി സിദാന്‍ വരുമെന്ന അഭ്യൂഹങ്ങള്‍ മുമ്പ് ശക്തമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്‌ജി ക്ലബുകളുമായി ചേര്‍ത്തും സിദാന്‍റെ പേര് പറഞ്ഞുകേട്ടിരുന്നു. 

ബ്രസീല്‍ പരിശീലന സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന അഞ്ചാം പേരാണ് സിനദീന്‍ സിദാന്‍റേത്. കാര്‍ലോ ആഞ്ചലോട്ടി, ഹോസേ മോറീഞ്ഞോ, മൗറീഷോ പൊച്ചറ്റീനോ, തോമസ് ടുഷേല്‍, റഫേല്‍ ബെനിറ്റസ് എന്നിവരുടെ പേരുകള്‍ നേരത്തെ സജീവമായിരുന്നു. പുറത്താക്കപ്പെട്ട ഫെര്‍ണാണ്ടോ സാന്‍റോസിന് പകരം പോര്‍ച്ചുഗലും മോറീഞ്ഞോയ്‌ക്കായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഇതുവരെയായിട്ടില്ല. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഘട്ടം കടക്കാന്‍ ബ്രസീലിനാവാതെ വന്നതോടെ ഫെഡറേഷന്‍ വിദേശ കോച്ചിനായി ശ്രമിക്കുകയാണ് എന്നാണ് ഒരു ഫ്രഞ്ച് മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട്. റയലിനൊപ്പം തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് ലാ ലീഗ കിരീടങ്ങളും പരിശീലകനായി നേടിയിട്ടുണ്ട് 1998 ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ ഹീറോയായിരുന്ന സിദാന്‍. 

2022 ഖത്തര്‍ ഫിഫ ലോകകപ്പിൽ നിന്ന് ബ്രസീല്‍ ക്വാർട്ടർ ഫൈനലില്‍ പുറത്തായിരുന്നു. ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്കോറിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്. തോൽവിയെ തുടർന്ന് ടിറ്റെ പരിശീലക സ്ഥാനം രാജിവയ്ക്കുകയായിരുന്നു. 61കാരനായ ടിറ്റെ 2016 മുതൽ ബ്രസീലിന്‍റെ പരിശീലകനായിരുന്നു. ടിറ്റെയുടെ പരിശീലനത്തിലാണ് 2018ൽ കോപ്പ അമേരിക്ക കിരീടം നേടിയത്. എന്നാൽ 2018, 2022 ലോകകപ്പിൽ ബ്രസീലിന് ക്വാർട്ടർ ഫൈനലിനപ്പുറം ക‌ടക്കാനായില്ല. ലോകകപ്പ് മത്സരങ്ങളിലെ ടീം സെലക്ഷനിലും ക്രൊയേഷ്യക്കെതിരായ ഷൂട്ടൗട്ടില്‍ കിക്കെടുക്കാന്‍ താരങ്ങളെ തെരഞ്ഞെടുത്തതിലും ടിറ്റെയ്‌ക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു. 

ബ്രസീലിന്‍റെ പുതിയ പരിശീലകന്‍; ഒടുവില്‍ നീക്കങ്ങള്‍ മോറീഞ്ഞോയിലേക്ക്

Follow Us:
Download App:
  • android
  • ios