ബെഗംളുരു: ഏതൊരു ഫുട്ബോൾ താരവും കൊതിക്കുന്നതാണ് സ്പാനിഷ് ലീഗില്‍ പന്തുതട്ടുകയെന്നത്. സ്വപ്ന നേട്ടത്തിന് തൊട്ടരുകിലാണ് ഭൃഷ്ടി ബാഗ്ചി. സ്പാനിഷ് ലീഗ് ഫുട്ബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടത്തിനരികെയാണ് താരം. സ്പാനിഷ് വനിതാ ഫുട്ബോൾ ലീഗ് ടീമായ ഫെമിനിനോ റിസർവ് ടീമിലേക്കാണ് ഭൃഷ്ടിയെ തിരഞ്ഞെടുത്തത്. ഇരുപത്തിയഞ്ചുകാരിയായ ഭൃഷ്ടി കഴിഞ്ഞ വർഷമാണ് മാഡ്രിഡ് ക്ലബായ ഫെമിനിനോയിൽ ട്രയൽസിൽ പങ്കെടുത്തത്.

ട്രയല്‍സിന് ശേഷം പ്രകടനം മെച്ചപ്പെടുത്തിയതോടെ റിസർവ് ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് അഞ്ചിന് ഭൃഷ്ടി ടീമിനൊപ്പം ചേരും. പതിനഞ്ചിനാണ് പ്രീ സീസൺ മത്സരങ്ങൾ തുടങ്ങുക. കഴിഞ്ഞ സീസണിൽ പതിമൂന്നാം സ്ഥാനത്തായിരുന്നു ഫെമിനിനോ.

ഏഴാം വയസ്സിൽ ഫുട്ബോൾ പരിശീലനം തുടങ്ങിയ ഭൃഷ്ടി ബാംഗ്ലൂർ സായിയിലെ ശിക്ഷണത്തിലൂടെ കർണാടക സംസ്ഥാന ടീമിൽ ഇടംനേടി. 2012 ൽ അമേരിക്കയിലേക്ക് പോയ ഭൃഷ്ടി ഒക്ലോഹോമ സിറ്റി യുണിവേഴ്സിറ്റി ടീമിലും നോർത്ത് ടെക്സ്സസ് യുണിവേഴ്സിറ്റി ടീമിലും അംഗമായി. ഇക്കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ ബെംഗളൂരു യുണൈറ്റ് എഫ് സിയുടെ താരമായിരുന്നു.