ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്റർമിലാനെതിരെ ബാഴ്‌സലോണയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സ ജയിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്. രണ്ട് ഗോളുകൾ നേടിയ സുവരാസാണ് ബാഴ്‌സയുടെ വിജയശിൽപ്പി. 58, 84 മിനിറ്റുകളിലായിരുന്നു സുവരാസിന്റെ ഗോളുകൾ.

അതേസമയം റെഡ്ബുളിനെതിരെ കഷ്ടിച്ച് ജയിച്ചുകയറി ലിവർപൂൾ. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം. ആദ്യ പകുതിയിൽ 3-1ന് മുന്നിട്ട് നിന്ന ലിവർപൂളിനെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് റെഡ് ബുൾ വിറപ്പിച്ചു. 69-ാം മിനിറ്റിൽ മുഹമ്മദ് സലാ നേടിയ ഗോളിലൂടെയാണ് ലിവർപൂൾ ജയം ഉറപ്പിച്ചത്. സലാ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി. 

മറ്റൊരു മത്സരത്തിൽ ലിലിക്കെതിരെ ചെൽസി ജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസിയുടെ ജയിച്ചത്. ലിലിക്ക് വേണ്ടി ഒസിമെനും ചെൽസിക്ക് വേണ്ടി എബ്രഹാമും വില്ല്യനും ഗോളുകൾ നേടി. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ അയാക്സ് വലൻസിയയെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അയാക്സിന്റെ ജയം. അയാക്സിനായി സിയെച്ച്, പ്രോമെസ്, വാൻ ഡെ ബീക്ക് എന്നിവർ ഗോളുകൾ നേടി. 

ഗ്രൂപ്പ് എഫിൽ ബൊറൂസ്യ, സ്ലാവിയ പ്രാഹയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഹാക്കിമിയുടെ ഇരട്ട ഗോൾ മികവിലാണ് ബൊറൂസ്യയുടെ ജയം. 35, 89 മിനിറ്റുകളിലാണ് ഹാക്കിമി ഗോൾ നേടിയത്.