നിയോണ്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനലുകള്‍ക്കുള്ള വേദി യുവേഫ പ്രഖ്യാപിച്ചു. സ്ലൊവേനിയയില്‍ നടന്ന യുവേഫ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് 2021, 2022, 2023 വേദികളുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. 

വേദികള്‍
2021: സെയ്‌ന്‍റ് പീറ്റേര്‍സ്‌ബര്‍ഗ് സ്റ്റേഡിയം, സെയ്‌ന്‍റ് പീറ്റേര്‍സ്‌ബര്‍ഗ്, റഷ്യ
2022: ഫുട്ബോള്‍ അരീന മ്യൂണിക്ക്, മ്യൂണിക്ക്, ജര്‍മ്മനി
2023:വെംബ്ലി സ്റ്റേഡിയം, ലണ്ടന്‍, ഇംഗ്ലണ്ട്

രണ്ടാം തവണയാണ് റഷ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് വേദിയാവുന്നത്. 2008ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ചെല്‍സി വിഖ്യാത ഫൈനലിന് മോസ്‌കോയിലെ ലൂഷ്‌നിക്കി സ്റ്റേഡിയം വേദിയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ കലാശപ്പോരില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസനും സംഘവും കിരീടമുയര്‍ത്തി. 

10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മ്യൂണിക്ക് അരീനയില്‍ ഫൈനലെത്തുന്നത്. മുന്‍പ് നടന്ന ഫൈനലില്‍ ചെല്‍സിയോട് ബയണ്‍ തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ എട്ടാം തവണയാണ് ഫൈനലിന് വെംബ്ലി സ്റ്റേഡിയത്തിന് നറുക്കുവീഴുന്നത്. 2013ലാണ് അവസാനമായി ഇവിടെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടന്നത്. അടുത്ത വര്‍ഷം നടക്കുന്ന യൂറോ കപ്പ് സെമിയും ഫൈനലും നടക്കുന്നതും വെംബ്ലിയിലാണ്. ഇത്തവണ തുര്‍ക്കിയിലെ ഇസ്‌താംബൂളിലുള്ള അത്താതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയമാണ് ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരിന് വേദിയാവുന്നത്.