ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം. ചെല്‍സി, ലെസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകള്‍ വിജയം കണ്ടു. വാറ്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്. വോള്‍വ്‌സിനെതിരേ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആഴ്‌സനലിന്റെ ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബേണ്‍മൗത്തിനെ തകര്‍ത്തു. ക്രിസ്റ്റല്‍ പാലസിനെ ലെസ്റ്റര്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. 

ഒളിവര്‍ ജിറൂദ്, വില്യന്‍, റോസ് ബാര്‍ക്ലി എന്നിവരാണ് ചെല്‍സിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകളും പിറന്നു. ഇഞ്ചുറി സമയത്തായിരുന്നു ബാര്‍ക്ലിയുടെ ഗോള്‍. ബുകായോ സക, അലക്‌സാണ്ട്രേ ലക്കസാറ്റെ എന്നിവരാണ് ആഴ്‌സനലിന്റെ ഗോളുകള്‍ നേടിയത്.

മേസണ്‍ ഗ്രീന്‍വുഡിന്റെ ഇരട്ട ഗോളുകളാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വമ്പന്‍ ജയമൊരുക്കിയത്. ലീഡ് വഴങ്ങിയ ശേഷമായിരുന്നു യുനൈറ്റഡിന്റെ തിരിച്ചുവരവ്. മാര്‍കസ് റാഷ്‌ഫോര്‍ഡ്, അന്റണി മാര്‍ഷ്യല്‍, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. ജൂനിയര്‍ സ്റ്റാനിസ്ലാസ്, ജോഷ്വാ കിംഗ് എന്നിവരുടെ വകയായിരുന്നു ബേണ്‍മൗത്തിന്റെ ഗോളുകള്‍. 

ജാമി വാര്‍ഡിയുടെ ഇരട്ട ഗോളുകളാണ് മുന്‍ ചാംപ്യന്‍ന്മാരായ ലെസ്റ്ററിന് ജയമൊരുക്കിയത്. കെലേച്ചി ഹീനാച്ചോയുടെ വകയായിരുന്നു ശേഷിക്കുന്ന ഗോള്‍.