ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീണസില്‍ ആദ്യ ജയത്തിനായി ചെല്‍സി ഇനിയും കാത്തിരിക്കണം. ഇന്നലെ നടന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി മുന്‍ ചാംപ്യന്മാരെ സമനിലയില്‍ തളച്ചു. മത്സരത്തില്‍ ഇരുവരും ഓരോ ഗോള്‍വീതം നേടി. 

ചെല്‍സിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഏഴാം മിനിറ്റില്‍ തന്നെ ആതിഥേയര്‍ മുന്നിലെത്തി. മേസണ്‍ മൗണ്ടായിരുന്നു സ്‌കോറര്‍. എന്‍ഡിഡിയുടെ പിഴവില്‍ നിന്നായിരുന്നു ചെല്‍സി ജഴ്‌സിയില്‍ മൗണ്ടിന്റെ ആദ്യ ഗോള്‍. എന്നാല്‍ പിഴവിന് 67ാം മിനിറ്റില്‍ താരം പ്രായശ്ചിത്തം ചെയ്തു. 

പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റിരുന്നു. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഫ്രാങ്ക് ലാംപാര്‍ഡിന് കീഴില്‍ ആദ്യ മത്സരമായിരുന്നു ചെല്‍സിയുടേത്. ശനിയാഴ്ച നോര്‍വിച്ച് സിറ്റിക്കെതിരെയാണ് ചെല്‍സിയുടെ അടുത്ത പോരാട്ടം. 

ലീഗിലെ മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു.