ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് പ്രമുഖര്‍ കളത്തില്‍. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ടീമുകള്‍ മത്സരത്തിനിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ഹോം മാച്ചില്‍ സിറ്റി ഫുള്‍ഹാമിനെ നേരിടും. ഒമ്പത് മത്സരങ്ങളില്‍ 15 പോയിന്റുമായി സിറ്റി പതിനൊന്നാം സഥാനത്തും ഏഴ് പോയിന്റുള്ള ഫുള്‍ഹാം 17ാം സ്ഥാനത്തുമാണ്. 

രാത്രി 11 മണിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വെസ്റ്റ് ഹാമിനെ നേരിടും.10 കളിയില്‍ 17 പോയിന്റുളള വെസ്റ്റ് ഹാം അഞ്ചാമതും ഒമ്പത് കളിയില്‍ 16 പോയിന്റുള്ള യുണൈറ്റഡ് ഒന്‍പതാം സ്ഥാനത്തുമാണ്.

പുലര്‍ച്ചെ 1.30ന് തുടങ്ങുന്ന മത്സരത്തില്‍ ചെല്‍സി, ലീഡ്‌സ് യുണൈറ്റഡിനെ നേരിടും. 19 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ ചെല്‍സി. ജയിച്ചാല്‍ ടോട്ടനത്തിനെയും ലിവര്‍പൂളിനെയും മറികടന്ന് ചെല്‍സിക്ക് ഒന്നാമതെത്താം. 


ലാ ലിഗയില്‍ പ്രമുഖര്‍ക്ക് മത്സരം

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 8.45ന് റയല്‍, സെവ്വിയയെ നേരിടും. ചാംപ്യന്‍സ് ലീഗില്‍ ഷാക്തറിനെതിരെ അപ്രതീക്ഷിത തോല്‍വി നേരിട്ട ആഘാതത്തിലാകും റയല്‍  ലാ ലിഗയിലേക്ക് മടങ്ങുക. രാത്രി 11ന് അത്‌ലറ്റിക്കോ മാഡ്രിഡ്, വയ്യാഡോലിഡിനെ നേരിടും. പുലര്‍ച്ചെ 1.30ന് തുടങ്ങുന്ന മത്സരത്തില്‍ കാഡിസ് ആണ് ബാഴ്‌സയുടെ എതിരാളികള്‍.

സീരി എയില്‍ യുവന്റസിനും ഇന്ററിനും മത്സരം

റോം: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ യുവന്റസിനും ഇന്റര്‍ മിലാനും ഇന്ന് മത്സരമുണ്ട്. ക്രിസറ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസ് ടൊറിനോയെ നേരിടും. രാത്രി 10 മണിക്കാണ് മത്സരം. ലീഗില്‍ നിലവില്‍ നാലാമതാണ് യുവന്റസ്. ഒന്നാമതുള്ള ഇന്റര്‍ മിലാന്‍ പുലര്‍ച്ചെ ബൊളോഗ്നയെ നേരിടും.