കരുത്തരായ ഉറുഗ്വേക്കെതിരെ നേടിയ ഒറ്റ ഗോൾ ജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് ലിയോണൽ മെസിയും സംഘവും വീണ്ടും ഇറങ്ങുന്നത്

ബ്രസീലിയ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ബിയില്‍ അ‍ർജന്‍റീന നാളെ പരാഗ്വേയെ നേരിടും. ഇന്ത്യൻസമയം പുലർച്ചെ അഞ്ചരയ്‌ക്കാണ് കളി തുടങ്ങുക. ഉറുഗ്വേ-ചിലെ പോരാട്ടവും നാളെ നടക്കും. 

കരുത്തരായ ഉറുഗ്വേക്കെതിരെ നേടിയ ഒറ്റ ഗോൾ ജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് ലിയോണൽ മെസിയും സംഘവും വീണ്ടും ഇറങ്ങുന്നത്. പ്രതിരോധത്തിലെ പിഴവുകൾ ഏറക്കുറെ പരിഹരിച്ച ആശ്വാസത്തിലാണ് കോച്ച് ലിയോണൽ സ്‌കലോണി. പരാഗ്വേക്കെതിരെ മധ്യനിരയിലും മുന്നേറ്റത്തിലും മാറ്റം ഉറപ്പ്. പരിക്കേറ്റ ജിയോവനി ലോ സെൽസോയ്‌ക്ക് പകരം എസേക്വിൽ പലേസിയോസ്, ലിയാൻഡ്രോ പരേഡസ് എന്നിവരിൽ ഒരാൾക്ക് അവസരം കിട്ടും. 

റോഡ്രിഡോ ഡി പോളും ഉറുഗ്വേക്കെതിരെ നി‍ർണായക ഗോൾ നേടിയ ഗിയ്‌ഡോ റോഡ്രിഗസും മധ്യനിരയിൽ തുടരും. മെസിയൊഴികെയുള്ള അ‍ർജന്‍റൈന്‍ സ്‌‌ട്രൈക്ക‍ർമാ‍ർ കഴിഞ്ഞ നാല് മത്സരത്തിലും പൂ‌ർണമായും നിരാശപ്പെടുത്തി. പ്രത്യേകിച്ചും നിരന്തരം അവസരം കിട്ടുന്ന ലൗറ്ററോ മാർട്ടിനസ്. ലൗറ്ററോയ്‌ക്ക് പകരം സെ‍‍ർജിയോ അഗ്യൂറോയ്‌ക്കോ യോക്വിം കോറിയയ്‌ക്കോ അവസരം കിട്ടുമെന്നാണ് സൂചന. പരിക്കേറ്റ നിക്കോളാസ് ഗോൺസാലസിന് പകരം ഏഞ്ചൽ ഡി മരിയയും ആദ്യ ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്. ഗോൾ പോസ്റ്റിന് മുന്നിൽ എമിലിയാനോ മാ‍ർട്ടിനസും തുടരും. 

ബൊളീവിയയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് പരാഗ്വേ വരുന്നത്. ഇരു ടീമും 108 കളിയിൽ ഏറ്റുമുട്ടിയപ്പോള്‍ 58ലും ജയം അ‍ർജന്റീനയ്‌ക്കൊപ്പം നിന്നു. പരാഗ്വേ ജയിച്ചത് പതിനാറിൽ മാത്രം. 34 കളികള്‍ സമനിലയിൽ അവസാനിച്ചു. കഴിഞ്ഞ വ‍ർഷം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമും ഓരോ ഗോളടിച്ച് സമനില പാലിച്ചു. 

നാലെ പുലര്‍ച്ചെ 2.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഉറുഗ്വേ, ചിലെയെ നേരിടും. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്‍റ് വീതമെങ്കിലും ചിലെയെ മറികടന്ന് അര്‍ജന്‍റീനയാണ് ഗ്രൂപ്പ് ബിയില്‍ തലപ്പത്ത്. കളിച്ച ഒരു മത്സരം ജയിച്ച പരാഗ്വെയാണ് മൂന്നാം സ്ഥാനത്ത്. അതേസമയം അക്കൗണ്ട് തുറക്കാത്ത ഉറുഗ്വെ നാലും ബൊളീവിയ അഞ്ചും സ്ഥാനങ്ങളിലാണ്. 

കോപ്പ: ഇഞ്ചുറിടൈമില്‍ സമനില പിടിച്ച് വെനസ്വേല, സെൽഫ് ഗോളില്‍ തോറ്റ് കൊളംബിയ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona