മാഡ്രിഡ്: കോപ്പ ‍ഡെൽറേയിൽ വമ്പൻ അട്ടിമറികളില്‍ വീണ് ബാഴ്‌സലോണയും റയൽ മാഡ്രിഡും സെമി കാണാതെ പുറത്ത്. സ്വന്തം തട്ടകത്തില്‍ റയൽ സോസിഡാഡിനോട് തോറ്റാണ് സിദാന്റെ സംഘം പുറത്തായത്. നാലിനെതിരെ മൂന്ന് ഗോളിനാണ് തോൽവി. 

ഇരുപത്തിരണ്ടാം മിനുറ്റില്‍ മാര്‍ട്ടിനിലൂടെ മുന്നിലെത്തിയ സോസിഡാഡിന് രണ്ടാംപകുതിയില്‍ രണ്ടുമിനുറ്റിനിടെ അലക്‌സാണ്ടര്‍ ഇസാക്ക് നേടിയ ഇരട്ട ഗോള്‍ മൂന്ന് ഗോള്‍ ലീഡ് സമ്മാനിച്ചു. 54, 56 മിനുറ്റുകളിലായിരുന്നു ഗോളുകള്‍. എന്നാല്‍ തൊട്ടുപിന്നാലെ 59-ാം മിനുറ്റില്‍ മാര്‍സലോയും 81-ാം മിനുറ്റില്‍ റോഡ്രിഗോയും റയലിനായി ലക്ഷ്യം കണ്ടു. ഇതിനിടെ 69-ാം മിനുറ്റില്‍ മെറീനോ സോസിഡാഡിന്‍റെ നാലാം ഗോള്‍ നേടി. ഇഞ്ചുറിടൈമില്‍(90+3) നാച്ചോ ഗോള്‍ നേടിയെങ്കിലും 3-4ന് മാഡ്രിഡിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളി അവസാനിപ്പിക്കേണ്ടിവന്നു. 

അതേസമയം അത്‍ലറ്റിക്കോ ബിൽബാവോയാണ് ബാഴ്‌സലോണയെ അട്ടിമറിച്ചത്. ബിൽബാവോയുടെ തട്ടകത്തിലായിരുന്നു കളി. 94- മിനുറ്റിലെ സെർജിയോ ബുസ്‌കെറ്റ്സിന്റെ സെൽഫ് ഗോളിലാണ് ബാഴ്സയുടെ തോൽവി. മെസിയും ഗ്രീസ്‌മാനും അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ ഇറങ്ങിയിട്ടും ബാഴ്‌സ തോല്‍ക്കുകയായിരുന്നു. 70 ശതമാനത്തോളം സമയം പന്ത് കാല്‍ക്കല്‍ വെച്ചിട്ടും ബാഴ്‌സ തോല്‍ക്കുകയായിരുന്നു.