ഇബിസ: കിംഗ്‌സ് കപ്പ് ഫുട്ബോളിൽ ബാഴ്‌സലോണയ്‌ക്ക് ജയം. ഇബിസയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ആന്റോണി ഗ്രീസ്‌മാന്‍റെ ഇഞ്ചുറിടൈം ഗോളാണ് ബാഴ്‌സയെ രക്ഷിച്ചത്. ടീമിനായി ഇരു ഗോളുകളും നേടിയത് ഗ്രീസ്‌മാനാണ്. 

രക്ഷകവേഷത്തില്‍ ഗ്രീസ്‌മാന്‍

ഒന്‍പതാം മിനുറ്റില്‍ കബാലെ മാർട്ടിനിലൂടെ ഇബിസ മുന്നിലെത്തിയിരുന്നു. 72-ാം മിനുട്ടില്‍ ഗ്രീസ്‌മാന്‍ ബാഴ്‌സയെ ഒപ്പമെത്തിച്ചു. എന്നാല്‍ കളി തീരാന്‍ സെക്കന്‍റുകള്‍ ബാക്കിനില്‍ക്കേ 90+4 മിനുറ്റില്‍ ഗ്രീസ്‌മാന്‍ ബാഴ്‌സക്ക് ജയം സമ്മാനിച്ചു. സൂപ്പര്‍ താരം ലിയോണല്‍ മെസി ഇല്ലാതെയാണ് ബാഴ്‌സ ഇറങ്ങിയത്.

തകര്‍പ്പന്‍ ജയവുമായി റയല്‍

മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് യുണിയനിസ്റ്റാസിനെ തോൽപിച്ചു. പതിനെട്ടാം മിനിറ്റിൽ ഗാരെത് ബെയ്‍ലും ഇഞ്ചുറി ടൈമിൽ ഇബ്രാഹിം ഡിയാസുമാണ് ഗോളുകൾ നേടിയത്. മൂന്നാംഗോൾ യുവാൻ ഫ്രാൻസിസ്‌കോയുടെ സെൽഫ് ഗോളായിരുന്നു. അൽവാരോയാണ് യുണിയനിസ്റ്റാസിന്റെ ഗോൾ നേടിയത്. 

റോണോ അടിച്ചു, യുവന്‍റസ് ജയിച്ചു

അതേസമയം ഇറ്റാലിയൻ കപ്പ് ഫുട്ബോളിൽ യുവന്‍റസ് ജയം സ്വന്തമാക്കി. റോമയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്‍റസ് തകർത്തത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, റോഡ്രിഗോ, ബോണുസൈ എന്നിവരാണ് യുവന്‍റസിനായി ഗോൾ നേടിയത്. റൊണാൾഡോ സീസണിലെ 19-ാം ഗോളാണ് നേടിയത് യുവന്‍റസ് ഗോൾകീപ്പർ ബഫണിന്‍റെ സെൽഫ് ഗോൾ മാത്രമാണ് റോമയുടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.