മിലാന്‍: ടെലിവിഷന്‍ അഭിമുഖത്തിനിടെ വികാരാധീനനായി പൊട്ടിക്കരഞ്ഞ് പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തിനിടെ മരിച്ചുപോയ പിതാവ് ജോസ് ഡിനിസ് അവൈയ്റോയുടെ വീഡിയോ ദൃശ്യം കാണിച്ചപ്പോഴാണ് റൊണാള്‍ഡോ പൊട്ടിക്കരഞ്ഞത്.

റൊണാള്‍ഡോയുടെ മികവിനെക്കുറിച്ച് അവൈയ്റോ പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് അഭിമുഖത്തിനിടെ കാണിച്ചത്. ഇത് കണ്ടതോടെ ഇതൊരിക്കലും താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ് റൊണാള്‍ഡോ കരയുകയായിരുന്നു. എന്തിനാണ് ഇത്ര വികാരാധീനനാവുന്നതെന്ന് പിയേഴ്സ് മോര്‍ഗന്‍ ചോദിച്ചപ്പോള്‍ തന്റെ വളര്‍ച്ച കാണാന്‍ പിതാവിന് കഴിയാതെ പോയി എന്ന് റൊണാള്‍ഡോ പറഞ്ഞു.

എന്റെ അമ്മയും സഹോദരങ്ങളുമെല്ലാം ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറാവുന്നത് കണ്ടവരാണ്. എന്തിന് എന്റെ മകന്‍ പോലും. പക്ഷെ എന്റെ പിതാവിന് ഞാന്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ഫുട്ബോളറാവുന്നതോ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങുന്നതോ കാണാനുള്ള  ഭാഗ്യമുണ്ടായില്ല-കണ്ണീരണിഞ്ഞ് റൊണാള്‍ഡോ പറഞ്ഞു.

2005ല്‍ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായിരുന്നപ്പോഴാണ് പിതാവ് മരിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ വിയ്യാറയലിനെ നേരിടിനിറങ്ങും മുമ്പായിരുന്നു ലണ്ടനിലെ ആശുപത്രിയില്‍വെച്ച് പിതാവിന്റെ മരണം. അന്ത്യസമയത്ത് പിതാവിന്റെ അടുക്കല്‍ വേണമെന്ന റൊണാള്‍ഡോയുടെ ആഗ്രഹം മാഞ്ചസ്റ്റര്‍ പരിശീലകന്‍ അലക്സ് ഫെര്‍ഗൂസന്‍ അനുവദിച്ചുകൊടുത്തിരുന്നു.

മാഞ്ചസ്റ്ററില്‍ നിന്ന് റയര്‍ മാഡ്രിഡിലെത്തിയ റൊണാള്‍ഡോ ഇപ്പോള്‍ ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനുവേണ്ടിയാണ് കളിക്കുന്നത്.