ലോസാഞ്ചല്‍സ്: ലൈംഗിക പീഡനാരോപണത്തില്‍ യുവന്‍റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ നടപടിയുണ്ടാവില്ല. തെളിവുകളുടെ അഭാവത്തില്‍ താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് നെവാഡയിലെ കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം. 

കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ മോഡലായ കാതറിന്‍ മയോര്‍ഗയാണ് താരത്തിനെതിരെആരോപണവുമായി രംഗത്തെത്തിയത്. 34 കാരനായ റൊണാള്‍ഡോ 2009 ല്‍ ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗയുടെ ആരോപണം. 

എന്നാല്‍ യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നിഷേധിച്ച റൊണാള്‍ഡോ സംഭവിച്ചത് കാതറിന്‍റെ അനുമതിയോടെയുണ്ടായ ബന്ധമാണെന്ന് നേരത്തെ തുറന്നുപറഞ്ഞിരുന്നു. 

യുവതിയുടെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണത്തിന്‍റെ ചുമതലയുള്ളവര്‍ക്ക് സാധിച്ചിരുന്നില്ല. ആരോപണത്തില്‍ പറയുന്ന സംഭവം നടന്നതിന് ഒരു വര്‍ഷത്തിന് ശേഷം പരാതി യുവതിയുമായി ഒത്തുതീര്‍പ്പാക്കിയിരുന്നെന്നും എന്നാല്‍ കരാര്‍ ലംഘിക്കപ്പെട്ടതോടെയാണ് വീണ്ടും പരാതി ഉന്നയിച്ചതെന്നായിരുന്നു കാതറിന്‍ അവകാശപ്പെട്ടത്.

രൂക്ഷമായ ആരോപണങ്ങളോടെയായിരുന്നു യുവതി വീണ്ടും പരാതിയുമായിയെത്തിയത്. കോടതിക്ക് പുറത്തേ നേരത്തെ ഒത്തുതീര്‍പ്പാക്കിയ പരാതി മീ ടു മുവ്മെന്‍റിന്‍റെ സമയത്താണ് വീണ്ടും ഉയര്‍ന്നത്.