പനാജി: യുവന്‍റസിന്‍റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സമ്പൂര്‍ണ ഫുട്ബോളര്‍ എന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ഗോവയില്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് കോലിയുടെ പ്രതികരണം. മെസിയേക്കാള്‍ മികച്ച താരമായി റോണോയെ എന്തുകൊണ്ട് തെരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിനും കോലി മറുപടി നല്‍കി. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റൊണാള്‍ഡോയും(ബ്രസീലിയന്‍ ഇതിഹാസം) ഇഷ്‌ട താരങ്ങളാണ് എന്ന് മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. അവരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ആരാവും മികച്ച താരം?

'ആരാണ് മികച്ച താരമെന്ന് പറയുക സങ്കീര്‍ണമാണ്. എന്നാല്‍ താന്‍ കണ്ട സമ്പൂര്‍ണ ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഇടംകാലായാലും വലംകാലായാലും സ്‌പീഡായാലും ഡ്രിബ്ലിങ്ങായാലും റോണോ വിസ്‌മയമാണ്. അദേഹത്തെക്കാള്‍ മികച്ച ഗോള്‍ സ്‌കോററെ ഞ‌ാന്‍ കണ്ടിട്ടില്ല. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ മറ്റൊരു ലെവലാണ്. ഫുട്ബോളില്‍ വിപ്ലവമുണ്ടാക്കിയ, എവരും പിന്തുടരുന്ന താരമാണയാള്‍. അദേഹത്തിന്‍റെ സ്ഥാനം സ്‌പെഷ്യലാണ്. എന്നാല്‍ ഒരു താരത്തെ തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ ക്രിസ്റ്റ്യാനോയ്‌ക്കാണ് വോട്ട്'.

മെസിയേക്കാള്‍ മുകളിലാണോ ക്രിസ്റ്റ്യാനോയുടെ സ്ഥാനം?

'വ്യക്തിപരമായ തെരഞ്ഞെടുപ്പാണത്. മെസി വിസ്‌മയവും സ്വാഭാവിക താരമാണ്. മത്സരത്തിന്‍റെ എല്ലാ മിനുറ്റിലും സംഭാവനകള്‍ നല്‍കുന്ന താരത്തിനാണ് താന്‍ പ്രധാന്യം കൊടുക്കുന്നത്. അവിടെ ക്രിസ്റ്റ്യാനോ മറ്റ് താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്‌തനാകുന്നു. ഏറ്റവും ഉയര്‍ന്ന തലത്തില്‍ കളിക്കുന്നവരെല്ലാം പ്രതിഭകളാണ്. പക്ഷേ, ക്രിസ്റ്റ്യാനോ ചെയ്യുന്നതുപോലെ മറ്റൊര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല'. 

എന്നാല്‍ മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ഇത്തവണ മെസിക്കായിരുന്നു. യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറായ വിർജിൽ വാൻഡൈക്കിനെയും ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ് മെസി ആറാം തവണയും ലോക ഫുട്ബോളറായത്. കഴിഞ്ഞ സീസണില്‍ ബാഴ്‌സക്കായി പുറത്തെടുത്ത പ്രകടനമാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എന്നാല്‍ ഫിഫയുടെ ലോക ഇലവനില്‍ ഇരുവര്‍ക്കും സ്ഥാനം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.