മത്സരത്തിന്റെ 68-ാം മിനിറ്റിൽ ലഭിച്ച നിർണായക പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാൾഡോ പോർച്ചുഗലിനെ ഒപ്പമെത്തിച്ചത്. ലോകകപ്പ് ചരിത്രത്തിൽ റൊണാൾഡോ നേടുന്ന ആദ്യ 'നോക്കൗട്ട് ഘട്ട ഗോൾ' കൂടിയാണിത്.

ടൊറാന്‍റോ: ലോകകപ്പോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന സഹോദരിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി പോര്‍ച്ചുഗല്‍ നായകൻ. ക്രൊയേഷ്യക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് പോർച്ചുഗീസ് മാധ്യമമായ 'സ്പോർട് ടിവി'-യിൽ സംസാരിക്കവെയാണ് സഹോദരി കാറ്റിയ അവെയ്‌റോ റൊണാൾഡോയുടെ വിരമിക്കലിനെക്കുറിച്ച് സൂചന നൽകിയത്. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരം അനുസരിച്ച്, ഇത് അവന്‍റെ ലാസ്റ്റ് ഡാന്‍സ് ആണ്. ഇത് ഉടൻ അവസാനിക്കും.അതുകൊണ്ട് അവൻ കളിക്കുന്നത് ഇപ്പോൾ പരമാവധി ആസ്വദിക്കൂ. പോർച്ചുഗൽ ദേശീയ ടീമിനായി ഇനി 200 ഗോളുകൾ നേടുന്ന മറ്റൊരാളെ കണ്ടെത്തുക പ്രയാസമായിരിക്കുമെന്നായിരുന്നു കാറ്റിയയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്രൊയേഷ്യക്കെതിരായ 2-1ന്‍റെ നാടകീയ ജയത്തിന് ശേഷം കളിയിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവെ റൊണാൾഡോ സഹോദരിയുടെ പ്രസ്താവന തള്ളി. വിരമിക്കൽ കാര്യം ഇപ്പോൾ പ്രധാനമല്ല. ടൂർണമെന്‍റിൽ ജയിച്ചാലും തോറ്റാലും അതിനുശേഷം സംസാരിക്കാൻ എനിക്ക് ധാരാളം സമയമുണ്ട്. ഞാൻ കുടുംബവുമായി ആലോചിച്ച ശേഷം ഏറ്റവും അനുയോജ്യമായ തീരുമാനമെടുക്കും. ഇപ്പോൾ ഞാൻ ഒന്നിനെക്കുറിച്ചും എടുത്തുചാടി തീരുമാനങ്ങൾ എടുക്കാറില്ല. എല്ലാം ശാന്തമായി മാത്രമേ ചെയ്യൂ. നിലവിൽ ഈ നിമിഷം ആസ്വദിക്കുക എന്നതും ദേശീയ ടീമിനെ സഹായിക്കുക എന്നതും മാത്രമാണ് എന്‍റെ ലക്ഷ്യം-റൊണാള്‍ഡോ വ്യക്തമാക്കി.

മത്സരത്തിന്റെ 68-ാം മിനിറ്റിൽ ലഭിച്ച നിർണായക പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാൾഡോ പോർച്ചുഗലിനെ ഒപ്പമെത്തിച്ചത്. ലോകകപ്പ് ചരിത്രത്തിൽ റൊണാൾഡോ നേടുന്ന ആദ്യ 'നോക്കൗട്ട് ഘട്ട ഗോൾ' കൂടിയാണിത്. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ 232 മത്സരങ്ങളിൽ നിന്ന് തന്‍റെ ഗോൾ നേട്ടം 146 ആയി ഉയർത്താൻ റൊണാൾഡോയ്ക്കായി. ഈ ലോകകപ്പിൽ റൊണാൾഡോയുടെ മൂന്നാം ഗോളാണിത്. ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ താരം ഇരട്ട ഗോളുകൾ നേടിയിരുന്നു.

മത്സരത്തിന്‍റെ ഫൈനൽ വിസിലിന് ശേഷം വികാരാധീനനായ റൊണാൾഡോ, കഴിഞ്ഞ വർഷം ഇതേ ദിവസം അന്തരിച്ച തന്‍റെ മുൻ പോർച്ചുഗൽ സഹതാരം ഡിയോഗോ ജോട്ടയ്ക്ക് വിജയം സമർപ്പിച്ചു. ജീവിതത്തിലെ ചില യാദൃശ്ചികതകൾ വിശ്വസിക്കാൻ കഴിയാത്തതാണ്. മത്സരത്തിന് മുമ്പ് തന്നെ ഞങ്ങൾ ഇതിനെക്കുറിച്ച് ബോധവാന്മാരായിരുന്നു. കളിക്ക് മുൻപ് ഞങ്ങളുടെ ടീം ഡിയോഗോയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത് വളരെ സവിശേഷമായ ഒരു നിമിഷമാണ്, വിശ്വസിക്കാൻ പോലുമാകുന്നില്ല," റൊണാൾഡോ ഫോക്സ് സ്പോർട്സിനോട് പറഞ്ഞു.

മത്സരത്തിന്‍റെ 81-ാം മിനിറ്റിൽ കോച്ച് റോബർട്ടോ മാർട്ടിനസ് റൊണാള്‍ഡോയെ പിൻവലിച്ചിരുന്നു. തൊട്ടുപിന്നാലെ 94-ാം മിനിറ്റിൽ ഗോൺസാലോ റാമോസ് നേടിയ ഹെഡ്ഡർ ഗോളാണ് പോർച്ചുഗലിന് വിജയം സമ്മാനിച്ചത്. ഈ തോൽവിയോടെ ലോകകപ്പ് കരിയർ അവസാനിച്ച ക്രോയേഷ്യൻ ഇതിഹാസം ലൂക്കാ മോഡ്രിച്ചിനെ കെട്ടിപ്പിടിച്ച് റൊണാൾഡോ ആശ്വസിപ്പിച്ചു. റയൽ മാഡ്രിഡിലെ തന്‍റെ മുൻ സഹതാരത്തെ റൊണാൾഡോ വാനോളം പുകഴ്ത്തുകയും ചെയ്തു. ഞാൻ ലൂക്കയോടൊപ്പം ഒരുപാട് വർഷങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ പ്രായമാണ്. അവൻ ഫുട്ബോളിലെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളിലൊരാളാണ്. അവനെ മൈതാനത്ത് കാണുന്നതിൽ എനിക്ക് എപ്പോഴും സന്തോഷമേയുള്ളൂ. ലൂക്കയ്ക്ക് എന്‍റെ എല്ലാ ഭാവുകങ്ങളും- റൊണാൾഡോ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക