ആദ്യ കളിയിൽ സമനില വഴങ്ങിയതിനാൽ നോക്കൗട്ട് സാധ്യതകൾ സജീവമാക്കാൻ പോർച്ചുഗലിന് ജയം അനിവാര്യമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ കളിക്കും.
ന്യൂയോർക്ക്: ആദ്യ മത്സരത്തിൽ കോംഗോയ്ക്കെതിരെ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം പോർച്ചുഗലിന് നിർണ്ണായകമാണ്. ഉസ്‌ബെക്കിസ്ഥാൻ ആണ് പോർച്ചുഗലിന്റെ എതിരാളികൾ. മധ്യനിരയിൽ മികച്ച കളിക്കാർ ഉണ്ടായിരുന്നിട്ടും ആദ്യ മത്സരത്തിൽ ഒന്നിൽ കൂടുതൽ ഗോൾ നേടാനാവാത്തത് പോർച്ചുഗലിന്റെ സംബന്ധിച്ച് വലിയ വീഴ്ചയായിരുന്നു. അടുത്ത മത്സരം കരുത്തരായ കൊളംബിയയോട് ആണെന്നത് കൊണ്ട് തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് എത്താൻ ഇന്ന് പോർച്ചുഗലിന് ജയം അനിവാര്യമാണ്.
ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നിറങ്ങും. തന്റെ ആറാം ലോകകപ്പിനിറങ്ങുന്ന റൊണാൾഡോ ഫോം കണ്ടെത്തിയാൽ മാത്രമേ പോർചുഗലിനും മുന്നോട്ടുള്ള മത്സരങ്ങളിൽ ഗുണം ചെയ്യൂ. മുന്നേറ്റത്തിൽ ജോവോ ഫെലിക്‌സും പെഡ്രോ നെറ്റോയും കളിക്കളത്തിലുണ്ട്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാതെ പോയ ബെർണാഡോ സിൽവ ഇന്ന് ബഞ്ചിലാണ്.
അതേസമയം അആദ്യ മത്സരത്തിൽ കൊളംബിയയോട് തോൽവി ഏറ്റുവാങ്ങിയാണ് ഉസ്‌ബെക്കിസ്ഥാൻ എത്തുന്നത്. നിലവിൽ കൊളംബിയയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഇന്ന് കോംഗോയോട് ജയിച്ചാൽ ഗ്രൂപ് ചാമ്പ്യന്മാരായി കൊളംബിയ നോക്കൗട്ടിലേക്ക് മുന്നേറാൻ സാധ്യതയുണ്ട്. ഗ്രൂപ്പിൽ പോർച്ചുഗൽ രണ്ടാം സ്ഥാനത്ത് എത്തിയാൽ നോക്കൗട്ടിൽ ഇംഗ്ലണ്ട് ആയിരിക്കും എതിരാളികൾ എന്നതും ശ്രദ്ധേയമാണ്.


