മാഡ്രിഡ്: വീണ്ടും ലിയോണല്‍ മെസിയുമായി സ്വയം താരതമ്യം നടത്തി യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് അത്‌ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ. മെസിയേക്കാള്‍ കൂടുല്‍ ബലോണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ ഞാന്‍ അര്‍ഹിക്കുന്നുവെന്നാണ് ക്രിസ്റ്റിയാനോ പറഞ്ഞിരിക്കുന്നത്. 

ഇതുവരെ അഞ്ച് വീതം അവാര്‍ഡുകള്‍ ഇരുവരും നേടിയിട്ടുണ്ട്. എന്നാല്‍ മെസിയെ ഞാന്‍ മറികടക്കുമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം നേടിയ താരമാണ് മെസി. എന്നാല്‍ ഞാന്‍ മെസിയേക്കാള്‍ ബലോണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ അര്‍ഹിക്കുന്നു. ഏഴ് അല്ലെങ്കില്‍ എട്ട് പുരസ്‌കാരങ്ങള്‍ എനിക്ക് ലഭിക്കേണ്ടതായിരുന്നു. ഞാനത് അര്‍ഹിക്കുന്നു.

മെസിയെ മറികടക്കാന്‍ ഇനിയും ബലോണ്‍ ഡി ഓര്‍ പുരസ്‌കാങ്ങള്‍ നേടേണ്ടതുണ്ട്. ഓരോ വിജയങ്ങളും ലഹരിയാണ്. ഞാന്‍ ഏറ്റവും മികച്ചവനെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ മറ്റുചിലര്‍ക്ക് മറ്റൊരു താരമാണ് ലോകത്തിലെ മികച്ചതാരം. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ കാര്യമാക്കാറില്ല. മെസിയുടെ സാന്നിധ്യം എന്നെ മികച്ച താരമാക്കിമാറ്റുകയായിരുന്നു.'' 34കാരന്‍ പറഞ്ഞുനിര്‍ത്തി.