ലോകകപ്പ് പ്രീ-ക്വാർട്ടറിൽ പരാഗ്വായെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടറിലെത്തി. പരുക്കൻ കളി നിറഞ്ഞ മത്സരത്തിൽ, നിരന്തരം ഫൗളുകൾക്കിരയായ എംബാപ്പെയാണ് പെനാൽറ്റിയിലൂടെ വിജയഗോൾ നേടിയത്.

ഫിലാഡൽഫിയ: ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ പാരഗ്വായ്‌യെ തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടർ യോഗ്യത നേടിയിരിക്കുകയാണ്. ആദ്യം മുതൽ അവസാനം വരെ പരുക്കൻ മത്സരം കാഴ്ചവച്ച പാരഗ്വായ്‌ ജയത്തിന് വേണ്ടി ഒരു ശ്രമം പോലും നടത്തിയില്ലെന്ന് മാത്രമല്ല എംബാപെ അടക്കമുള്ള താരങ്ങളെ ഫൗളുകൾ ചെയ്ത് നിരന്തരം പ്രകോപിക്കാനും മറ്റുമാണ് ശ്രമിച്ചത്. ഫൈനൽ വിസിലിന് ശേഷം പരാഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ ഹസ്തദാനത്തിന് വന്നപ്പോൾ അതിനെ ഗൗനിക്കാതെ വിജയാഘോഷം നടത്തുന്ന എംബാപെയുടെ വീഡിയോ മത്സര ശേഷം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഡെസിറെ ഡുവെയെ ബോക്സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലൂടെയാണ് എംബാപെ ഫ്രാൻസിന്റെ വിജയമുറപ്പിച്ചത്. പെൺലാട്ടി കിക്കെടുക്കാൻ നേരം കിക്കിങ്ങ് സ്പോട്ട് ബൂട്ടുകൾ കൊണ്ട് വികൃതമാക്കുകയും ഫ്രാൻസ് താരങ്ങളെ നിരന്തരം പ്രകോപിക്കുകയും ചെയ്യുന്ന പാരഗ്വായ് താരങ്ങളെ മത്സരത്തിൽ കണ്ടതാണ്. കൂടാതെ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കോർണർ കിക്ക് ലഭിച്ചപ്പോൾ പാരഗ്വായ് താരങ്ങൾ എംബാപെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

എന്നാൽ അതിലൊന്നും വീഴാതെ ചിരിച്ചുകൊണ്ട് അതിനെ അവഗണിക്കുന്ന എംബാപെയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാരഗ്വായ് ഇത്തരമൊരു പരുക്കൻ മത്സരമായിരിക്കും കളിക്കുക എന്ന തങ്ങൾക്ക് മുൻപേ അറിയാമായിരുന്നെന്നും എന്നാൽ പാരഗ്വായ്‌യെ പോലെ വൃത്തിക്കെട്ട കളി കളിക്കാൻ തങ്ങൾക്കും കഴിയുമെന്നും മത്സരശേഷം എംബാപെ പ്രതികരിച്ചു. പതിമൂന്നോളം ഫൗളുകൾ ചെയ്തിട്ടും പരാഗ്വൻ താരങ്ങളിൽ ഒരാൾക്ക് പോലും മഞ്ഞകാർഡ് കൊടുക്കാത്തതിനെ പറ്റിയും സമൂഹമാധ്യമത്തിൽ ചർച്ചകൾ ഉയരുന്നുണ്ട്. അതേസമയം ഒലീസെയടക്കം ഫ്രാൻസിന്റെ മൂന്ന് താരങ്ങൾക്കാണ് ഇന്നലെ മഞ്ഞകാർഡുകൾ ലഭിച്ചത്.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

ഫ്രാൻസ് - മൊറോക്കോ പോരാട്ടം

അതേസമയം ക്വാർട്ടറിൽ മൊറോക്കയാണ് ഫ്രാൻസിന്റെ എതിരാളികൾ. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ 2 ഗോളുകൾക്ക് ഫ്രാൻസിനായിരുന്നു വിജയം. തിയോ ഹെർണാണ്ടസിന്റെയും, കാലോ മുവാനിയുടെയും മികച്ച ഗോളുകളാണ് അന്ന് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. ഫ്രാൻസിനെതിരെ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും നിർഭാഗ്യം കൊണ്ട് മാത്രമാണ് മൊറോക്കോയ്ക്ക് അന്ന് ഗോൾ നേടാൻ കഴിയാതെ പോയത്. ലോകകപ്പിൽ ആദ്യമായി സെമിയിൽ എത്തുന്ന ആഫ്രിക്കൻ- അറബ് രാജ്യമെന്ന റെക്കോർഡ് കൂടിയാണ് മൊറോക്കോ അന്ന് കുറിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ഇപ്പോൾ ലോകകപ്പിന്റെ ക്വാർട്ടറിൽ മൊറോക്കോ കയറുന്നത്.

YouTube video player