ഗ്രൂപ്പിൽ രണ്ടാമതായ ടീമിന് നോക്കൗട്ടിൽ ശക്തരായ ക്രൊയേഷ്യയാണ് എതിരാളികൾ. മുന്നേറ്റനിരയ്ക്ക് പന്തെത്തിക്കുന്നതിലെ പിഴവുകൾ പരിഹരിക്കേണ്ടത് ടീമിന് നിർണായകമാണ്.

ലോകകപ്പിന് മുൻപ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മധ്യനിരയായിരുന്നു പോർച്ചുഗലിന്റേത്. ബ്രൂണോ ഫെർണാണ്ടസ്, വിറ്റിഞ്ഞ, ജോവോ നെവസ്, ബെർണാർഡോ സിൽവ-- പ്രതിഭകൾക്ക് യാതൊരു കുറവുമില്ല മധ്യനിരയിൽ. പ്രീമിയർ ലീഗിൽ പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരവും, ഒരു സീസണിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ എന്ന റെക്കോർഡ് നേട്ടവും കൊണ്ടാണ് ബ്രൂണോ ഫെർണാണ്ടസ് ലോകകപ്പിനെത്തിയത്. അതേസമയം വിറ്റിഞ്ഞ എത്തിയത് തുടർച്ചയായി രണ്ട് തവണ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്ന നേട്ടവുമായാണ്. കൂടാതെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും പിഎസ്ജി താരത്തിനുണ്ട്. ജോവോ നെവേസും പിഎസ്ജിയിലെ മികച്ച സീസണിന് ശേഷമാണ് ലോകകപ്പിനെത്തിയത്. മാഞ്ചസ്റ്റർ സിറ്റിയിൽ ബെർണാർഡോ സിൽവയും ശരാശരിക്ക് മുകളിലുള്ള പ്രകടനമായിരുന്നു കാഴ്ചവച്ചത്. ബെർണാർഡോ സിൽവയുടെ പരിചയസമ്പത്ത് വിശ്വവേദിയിൽ പോർച്ചുഗലിന് ഗുണം ചെയ്യുമെന്ന് തന്നെയായിരുന്നു ഏവരും വിലയിരുത്തിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ കോംഗോയുമായുള്ള ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ വലിയ രീതിയിലുള്ള വിമർശനമായിരുന്നു പോർച്ചുഗൽ ടീമിനും പ്രത്യേകിച്ച് മധ്യനിരയ്ക്കും ലഭിച്ചത്. ഫൈനൽ തേർഡിലേക്ക് പന്തെത്തിക്കുന്നതിൽ പരാജയപ്പെട്ട മധ്യനിര കോംഗൊക്കെതിരെ ആദ്യ ഗോളിന് ശേഷം അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പോലും പിന്നോട്ട് പോകുന്ന കാഴ്‌ചയാണ് കണ്ടത്. രണ്ടാം മത്സരത്തിൽ ഉസ്ബെകിസ്താനെതിരെ അഞ്ച് ഗോളിന്റെ വലിയ വിജയം നേടിയത് മാത്രമാണ് ടീമിന്റെ മികച്ച പ്രകടനം എന്ന് എടുത്ത്പറയാനുള്ളത്. മൂന്നാം മത്സരത്തിൽ കൊളംബിയയോട് ഗോൾ രഹിത സമനില സമനില വഴങ്ങേണ്ടിവന്ന്ഗ്രൂപ്പിൽ രണ്ടാമതായാണ് പോർച്ചുഗൽ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. ഈ മത്സരത്തിലും മധ്യനിരയിലെ ശൂന്യത വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യ ഇലവനിൽ ജോവോ നെവസ് ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയതെന്നും ശ്രദ്ധേയമാണ്.

എവിടെയാണ് പോർച്ചുഗലിന് പിഴയ്ക്കുന്നത്?

അതേസമയം ക്ലബ് തലത്തിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളുടെ ലോകകപ്പിലെ മോശം പ്രകടനത്തിന് കാരണക്കാരനായി പരിശീലകൻ റോബർട്ടോ മാർട്ടിനെസിനെതിരെയുള്ള വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. ഇത്രയും മികച്ചൊരു മധ്യനിരയെ ലഭിച്ചിട്ടും തന്ത്രങ്ങളിൽ മാറ്റംവരുത്താതെ എങ്ങനെയാണ് ഇനി മുന്നോട്ടുള്ള യാത്ര എന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. ക്ലബ് തലത്തിൽ പൂർണ സ്വാതന്ത്ര്യത്തോടെ മിഡ്ഫീൽഡ് നിയന്ത്രിച്ചിരുന്ന ഈ കളിക്കാർക്ക് ദേശീയ ടീമിന്റെ തന്ത്രങ്ങളിൽ കാര്യമായൊന്നും സംഭാവന ചെയ്യാനാകാത്തത് പരിശീലകന്റെ തന്ത്രങ്ങളുടെ പോരായ്മ തന്നെ ആണെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

ശക്തരായ ക്രൊയേഷ്യയുമായാണ് പോർച്ചുഗലിന്റെ നോക്ക്ഔട്ട് മത്സരം. ഫൈനൽ തേർഡിലേക്ക് കൂടുതൽ പന്തെത്തിക്കുകയും മുന്നേറ്റത്തിൽ റൊണാൾഡോ അടക്കമുള്ള താരങ്ങൾക്ക് ഗോൾ അടിക്കാനുള്ള അവസരങ്ങളും സൃഷ്ടിച്ച്, പ്രതിരോധത്തിലെ വീഴ്ചകൾ പരിഹരിച്ചാൽ ക്രൊയേഷ്യക്കെതിരെ പോർച്ചുഗലിന് മികച്ച മത്സരം തന്നെ കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ഫുട്ബോൾ അനലിസ്റ്റുകൾ അടക്കം നിരീക്ഷിക്കുന്നത്. പോർച്ചുഗൽ ക്രൊയേഷ്യയെ തോല്പിച്ച് സ്‌പെയിൻ ഓസ്ട്രിയയോട് ജയിക്കുകയും ചെയ്‌താൽ പ്രീ ക്വാർട്ടറിൽ സ്‌പെയിൻ- പോർച്ചുഗൽ പോരാട്ടത്തിന് കൂടിയാവും വിശ്വവേദി സാക്ഷിയാവുക.

YouTube video player